Saying No
‘no’ പറയാം
നമ്മളിൽ പലർക്കും “ഇല്ല” എന്ന് പറയാൻ മടിയുള്ളതായി കണ്ടിട്ടുണ്ട്. ചിലസന്ദർഭങ്ങളിൽ “ഇല്ല” എന്ന് പറയുന്നത് പല അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. അതിനർത്ഥം ആരെയും സഹായിക്കരുത് എന്നല്ല. നിങ്ങളുടെ അവസ്ഥ എന്തെന്ന് മനസ്സിലാക്കി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ മാത്രമാകും നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും സന്തോഷകരമായ ജീവിതം നയിക്കാനും മറ്റുള്ളവരെ സഹായിക്കാനും നിങ്ങൾക്ക് കഴിയുക. കാരണം, പോരായ്മകളിൽ നിന്നുകൊണ്ട് നിങ്ങൾ മറ്റൊരാളെ സഹായിക്കുമ്പോൾ തിരിച്ചും സഹായം പ്രതീക്ഷിച്ചേക്കാം. എന്നാൽ സ്വയം മനസ്സിലാക്കി സഹായം ചെയ്യുമ്പോൾ പ്രത്യുപകാരം ആഗ്രഹിക്കാതെ അത് ചെയ്യുവാൻ കഴിയും.
‘ഇല്ല’ എന്ന് പറയുന്നതിനും സ്വയം നിയന്ത്രിക്കുന്നതിനും കഴിയാത്തതിന് പല കാരണങ്ങൾ.
- നമ്മുടെ ജനപ്രീതി കുറയുവാൻ ഇത് കാരണമാകുമോ എന്ന പേടി.
- നല്ലതും നിസ്വാർത്ഥവുമായ ഒരു വ്യക്തിയായിട്ടാണ് നിങ്ങൾ സ്വയം കരുതുന്നത് എങ്കിൽ.
- പൊരുത്തക്കേടുകൾ ഭയക്കുന്നത് കൊണ്ട്.
- ഭാവിയെക്കുറിച്ചുള്ള ഭയം.
- ആപത്ത് ഉണ്ടാക്കുമോ എന്ന ഭയം.
- സ്വയം അവലോകനം ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള അപഹർഷതാബോധം.
‘ഇല്ല’ എന്ന് പറയുന്നത് കൊണ്ടുള്ള ഗുണം.
- ചെയ്യാൻ കഴിയാത്തവ നിരസിക്കുന്നത് പറഞ്ഞ വാക്ക് പാലിക്കാതെ വരുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയുന്നു.
- സ്വയം നിയന്തിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും അത് പ്രകടിപ്പിക്കുവാനും കഴിവുള്ള ശക്തനായ വ്യക്തിയായി സ്വയം കരുതുവാൻ ആരംഭിക്കും.
- ചൂഷണം ചെയ്യപ്പെടാൻ സ്വയം നിന്നുകൊടുക്കില്ല.
- ആകെമൊത്തം സന്തുഷ്ടമായ ജീവിതം നയിക്കാൻ സാധിക്കും.
‘ഇല്ല’ എന്ന് പറയാൻ പഠിക്കാം.
പ്രതിഫലനം : പലപ്പോഴും “yes” പറയേണ്ടിവന്ന സാഹചര്യങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടാകും. അതിൽ ചിലതൊക്കെ അനവസരത്തിൽ ഉള്ളതായും പക്വത ഇല്ലാത്തതായും നിങ്ങൾക്ക് തോന്നിയിട്ടുമുണ്ടാകും. അത് ആരോട് പറഞ്ഞു എന്നത് ഇവിടെ ബാധിക്കുന്നില്ല. നിങ്ങൾ ആഗ്രഹിക്കാത്ത ഏതൊക്കെ സാഹചര്യങ്ങളിൽ ‘yes’ പറയേണ്ടിവന്നു എന്ന് പ്രതിഫലനത്തിലൂടെ കണ്ടെത്തുക. അതേ സാഹചര്യം എത്രത്തോളം ആവർത്തിക്കുന്നു എന്നും മനസ്സിലാക്കാനും നമുക്ക് കഴിയും.
ഭാവിയിലേക്ക് ചിന്തിക്കുക: കഴിഞ്ഞുപോയ സാഹചര്യങ്ങൾ മാത്രം ചിന്തിച്ചാൽ പോര. ഇനി ഭാവിയിൽ ഇതേ സാഹചര്യം എപ്പോഴൊക്കെ ആവർത്തിക്കും എന്നുകൂടി ചിന്തിക്കുക. ആ സാഹചര്യം അതേ വ്യക്തികളോട് തന്നെ ആവർത്തിക്കാൻ സാധ്യത ഉണ്ട്. ഈ ആവർത്തനത്തിൽ നിന്നും സ്വയം രക്ഷിക്കാൻ ഭാവിയെക്കുറിച്ചുള്ള ഈ ചിന്ത അനിവാര്യമാണ്.
മുൻകൂട്ടി രൂപീകരിക്കുക : ആദ്യം നിങ്ങൾക്ക് ‘yes’ പറയേണ്ടിവന്ന സാഹചര്യത്തെപ്പറ്റി ചിന്തിച്ചു. രണ്ടാമത് അത് ഭാവിയിൽ നടക്കാൻ ഇടയുള്ള സാഹചര്യത്തെപ്പറ്റി ചിന്തിച്ചു. ഇനി അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ എങ്ങനെ അതിനെ പ്രതിരോധിക്കണം എന്ന് മുൻകൂട്ടി തായ്യാറെടുക്കുക എന്നതാണ് ഈ ഘട്ടത്തിൽ നാം ചെയ്യേണ്ടത്. നിങ്ങൾ നേരിടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ എങ്ങനെ ‘no’ പറയണം എന്ന് എഴുതി തയ്യാറാക്കി ശീലിക്കുക.
ഉദാഹരണം: “ഇല്ല, എനിക്ക് ഇപ്പോൾ താങ്കളെ സഹായിക്കാൻ കഴിയില്ല..”
“ഇല്ല, എനിക്ക് അന്ന് മറ്റൊരു പരുപാടി ഉണ്ട്”
ഇത്തരത്തിൽ വളരെ സിമ്പിൾ ആയ വാചകങ്ങൾ തയ്യാറാക്കുക. തയ്യാറാക്കുമ്പോൾ എന്തുകൊണ്ട് ആ വ്യക്തിയെ നിങ്ങൾക്ക് സഹായിക്കാൻ കഴിയില്ല എന്ന് കാരണം വ്യക്തമാകുന്ന രീതിയിലും കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെയും തയ്യാറാക്കാം. ‘yes’ പറയുന്നതിന് കാരണങ്ങൾ ആവശ്യമില്ല എന്നത് പോലെ തന്നെ ‘no’ പറയുമ്പോഴും കാരണം വ്യക്തമാക്കണം എന്നില്ല. തയ്യാറായി നിന്നാൽ അത്തരം സാഹചര്യം വരുമ്പോൾ യാതൊരുതരത്തിലുള്ള വൈകാരികതയും കീഴടക്കാതെ വിവേകപൂർവ്വം തീരുമാനിക്കാം.
ലക്ഷ്യബോധം: നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ ചെലുത്തി പോകുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് എങ്കിൽ അതിനെ ബാധിക്കുന്ന ഒരു ‘yes’ ഉം നിങ്ങൾ പറയില്ല. നിങ്ങളുടെ ലക്ഷ്യങ്ങൾ വലിയ ‘yes’ ആയും അതിനെ ബാധിക്കുന്ന സാഹചര്യങ്ങൾ ചെറിയ ‘no’ ആയും കാണുക.
‘no’ എല്ലായിപ്പോഴും പറയേണ്ടതില്ല. നിങ്ങൾക്ക് കഴിയുമെങ്കിൽ ഒരാളെ സഹായിക്കാൻ നിങ്ങൾ മടിക്കേണ്ടതില്ല. അതിനോടൊപ്പം തന്നെ നിങ്ങളെ ചൂഷണം ചെയ്യാൻ ആരേയും അനുവദിക്കേണ്ടതുമില്ല.