The 80th birthday
എൺപതാം പിറന്നാൾ
നിങ്ങൾ നിങ്ങളുടെ എൺപതാം പിറന്നാൾ ആഘോഷിക്കുകയാണെന്ന് ചിന്തിക്കുക. നിങ്ങളാണ് എല്ലാവരുടേയും ആകർഷണ കേന്ദ്രം. നിങ്ങളോടൊപ്പം ഈ നിമിഷം ആഘോഷിക്കുന്നതിനായി ഒരുപാടുപേർ വന്നിട്ടുണ്ട്. കണ്ണുകൾ അടച്ച് ആ നിമിഷം മനസ്സിൽ കൊണ്ടുവരുവാൻ ശ്രമിക്കുക. ജീവിതത്തിന്റെ അവസാന നാളുകളിലേക്കുള്ള ഈ ചിന്ത ചിലപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും അലോസരം ഉണ്ടാക്കിയേക്കാം. ഭയപ്പെടേണ്ട. ആ ഭയത്തെ അതിജീവിച്ച് സന്ദർഭത്തെ നേരിടുക.
ആഘോഷങ്ങളുടെ ഭാഗമായി നിങ്ങളുടെ ഓർമ്മകൾ അയവിറക്കുന്ന ഒരു വേദി നിങ്ങൾ സങ്കപ്പിക്കുക. ആഘോഷപരിപാടിയിൽ വന്നിരിക്കുന്ന കുടുംബാംഗങ്ങൾ, അടുത്ത ചങ്ങാതിമാർ, കൂടെ പഠിച്ചവർ, കൂടെ പ്രവർത്തിച്ചവർ, അയവാസികൾ എന്നിങ്ങനെ ഓരോരുത്തരും നിങ്ങളെപ്പറ്റി പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസ്സിൽ കാണുക. ശ്രദിക്കുക, അവർ ഇപ്പോൾ നിങ്ങളെപ്പറ്റി എന്ത് പറയുന്നു എന്നതല്ല. മറിച്ച്, നിങ്ങളുടെ എൺപതാം പിറന്നാളിന് എന്ത് പറയാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിലേക്കാണ് നിങ്ങളുടെ ചിന്ത പോകേണ്ടത്. നിങ്ങളുടെ ഇതുവരെയുള്ള (എൺപത് വയസ്സ് വരെ) ജീവിതം, നിങ്ങളുടെ ഗുണങ്ങൾ എന്നിവ അവരുടെ പ്രസംഗത്തിൽ കൂടി പറയുന്നതായി ഓർക്കുക.
പലരും അവരുടെ അവസാന കാലങ്ങളിൽ അവർക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഓർത്ത് വിഷമിക്കാറുണ്ട്. അവർ ചെയ്ത തെറ്റുകൾ ഓർത്ത് പശ്ചാത്തപിക്കാറുണ്ട്. നിങ്ങൾ അത്തരക്കാരിൽ ഒരാളാകരുത്. ഇന്നുതന്നെ അതിനായി പ്രവർത്തിച്ചു തുടങ്ങാം. അവസാന നാളുകളിൽ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം മാത്രമായിരിക്കണം നിങ്ങൾക്ക് തോന്നേണ്ടത്. സ്വയം അഭിമാനം തോന്നുന്ന നിമിഷങ്ങളിലൂടെ കടന്നു പോകാൻ നിങ്ങൾക്ക് കഴിയണം.
എൺപതാം വയസ്സിൽ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നവയിൽ കൂടുതലും ലക്ഷ്യത്തെക്കാൾ നിങ്ങളുടെ മൂല്യങ്ങളെപ്പറ്റിയാകും. ഒന്നോർക്കുക, ഈ മൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുക കൃത്യമായ ലക്ഷ്യത്തിലൂടെയാണ്.
അതുകൊണ്ടുതന്നെ നിങ്ങളുടെ മൂല്യത്തിനനുസരിച്ചുള്ള ലക്ഷ്യങ്ങൾ തയ്യാറാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതവുമായി താരതമ്യം ചെയ്തുമാത്രം ലക്ഷ്യം തയ്യാറാക്കുക.
ലക്ഷ്യബോധം ഉണ്ടാകുന്നതിനായുള്ള 3 പ്രവർത്തനങ്ങളാണ് ഇതുൾപ്പെടെ അവസാന 3 ചാപ്റ്ററുകളിൽ നിങ്ങൾ കണ്ടത്. അതിൽ ഒരെണ്ണം ചെയ്യണമോ, എല്ലാം ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ തീരുമാനത്തിൽ ഉറച്ച് ഒരു നിശ്ചിത ഇടവേളയിൽ ഇത് ചെയ്തുകൊണ്ടിരിക്കുക. സമയത്തിനും കാലത്തിനും അനുസരിച്ച് നിങ്ങളുടെ ആശയങ്ങളും മൂല്യങ്ങളും വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഒരു നിശ്ചിത ഇടവേളയിൽ ഇത് ചെയ്യുമ്പോൾ ആ മാറ്റങ്ങൾക്കനുസരിച്ച് നിങ്ങൾക്കും നിങ്ങളുടെ ലക്ഷ്യത്തിൽ മാറ്റം വരുത്താം.
ഈ മൂന്ന് പ്രവർത്തനങ്ങളേയും ലക്ഷ്യങ്ങളാക്കി മാറ്റുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ നിന്നും ലക്ഷ്യത്തിൽ എത്തിയ ശേഷം അതിലേക്ക് എങ്ങനെ എത്താം എന്ന് ചിന്തിക്കുക. അതിലേക്ക് എത്താൻ ആ ലക്ഷ്യങ്ങളെ ചെറിയ ചെറിയ നാഴികക്കല്ലുകളാക്കി മാറ്റുക. അവ ഓരോന്നായി പൂർത്തിയാക്കി മുന്നേറുക.