Chapter 006


Language


ഭാഷ

വിജയകരമായ ആശയവിനിമയത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. നേരിട്ടുള്ള സാമൂഹിക ബന്ധപ്പെടലുകൾക്കും, പരോക്ഷമായ ടെലിഫോണിക്ക് അല്ലെങ്കിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബന്ധപ്പെടലുകൾക്കും വാക്കാൽ ഉള്ള ആശയ വിനിമയം പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും മുഖാമുഖം ഉള്ള സംഭാഷണങ്ങളിൽ നിങ്ങളുടെ ഭാഷയിലുള്ള ആത്മവിശ്വാസം പ്രാധാന്യം അർഹിക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ ആത്മവിശ്വാസം മറ്റൊരാൾക്ക് വെളിപ്പെടുത്തുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗവും ഭാഷ തന്നെയാണ്. അതുകൊണ്ടുകൂടിയാണ് ഈ വ്യക്തിത്വ വികസന പ്രവർത്തനത്തിൽ നിങ്ങളുടെ വാചിക രൂപം മെച്ചപ്പെടുത്തുന്നതിന് ഒരു ഘട്ടം മാറ്റിവെക്കുന്നതും. ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ സാധിക്കും എന്നത് തീർച്ചയാണ്.

ആശയവിനിമയത്തെ ഒരുപാട് ഘടകങ്ങളായി തരംതിരിക്കാം.

  • നിങ്ങൾ തിരഞ്ഞെടുക്കുന്ന വാക്കുകൾ
  • ഉച്ചാരണം
  • ആംഗ്യങ്ങളും മുഖഭാവങ്ങളും
  • ശബ്ദം

ഈ നാല് വിഭാഗങ്ങളും നിങ്ങളുടെ ആശയവിനിമയത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവ പ്രത്യേകം പ്രത്യേകം പരിഗണിക്കേണ്ടതായുണ്ട്.

ഭാഷയുടെ ഉപയോഗം

1. വാക്കുകളുടെ തിരഞ്ഞെടുക്കൽ: നമ്മൾ എല്ലാവർക്കും നമ്മുടേതായിട്ടുള്ള വാക്കുകളുടെ ശേഖരം ഉണ്ടാകും. അവയിൽ നിന്നുമായിരിക്കും നാം വാക്കുകൾ എടുത്ത് ഉപയോഗിക്കുക. എന്നാൽ നമ്മുടെ വ്യക്തിപ്രഭാവത്തിന് കോട്ടം വരുത്തുന്ന തരത്തിൽ ചില മോശം വാക്കുകൾ അതിൽ പെട്ടുപോയിട്ടുണ്ടാകാം. നമ്മുടെ രൂപത്തിൽ മാത്രമല്ല ഉപബോധമനസ്സിനെവരെ മോശമായി സ്വാധീനിക്കാൻ ഈ വാക്കുകൾക്ക് കഴിഞ്ഞെന്നുവരും.

അത്തരത്തിൽ ചില വാക്കുകൾ

  • നിർബന്ധമായും – നിങ്ങളുടെ നിർബന്ധബുദ്ധി കാത്തിരിപ്പ് എന്നിവ കാട്ടുന്നു.
  • വേഗത – നിങ്ങളുടെ തിരക്കുകളും സമ്മർദ്ദവും വെളിവാക്കുന്നു.
  • എങ്ങനെയെങ്കിലും – തീരുമാനത്തിൽ എത്താൻ കഴിയാത്ത സാഹചര്യം കാണിക്കുന്നു.
  • മാത്രം – നിങ്ങളുടെ പറയുന്നതിനെയും പ്രവർത്തിക്കുന്നതിനെയും ഇത് ദുർബലപ്പെടുത്തുന്നു.

ഈ വാക്കുകൾ നമ്മൾ സർവ്വസാധാരണമായി ഉപയോഗിക്കുന്നവയാണ് എങ്കിലും അവയ്ക്ക് നെഗറ്റീവ് ആയ വികാരത്തെ സൃഷ്ടിക്കാൻ കഴിയും. അത്തരം വാക്കുകൾ നമ്മുടെ ഭാഷയിൽ നിന്ന് ഒഴിവാക്കുകയോ പകരം തീവ്രത കുറഞ്ഞ മറ്റു വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യണം.

2. നിഷേധ പ്രസ്താവനകൾ :

ഇത് എല്ലാവരും ഉപയോഗിക്കുന്ന ചില വാചകങ്ങളാണ്

ഞാൻ വൈകാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ ഭയപ്പെടേണ്ടതില്ല അല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം.
അത് പ്രശ്‌നരഹിതമാണ് അല്ലെങ്കിൽ അതിലൊരു പ്രശനമില്ല/ രസമില്ല.

ഇവയെല്ലാം പോസിറ്റീവായ പ്രസ്താവനകൾ ആണെങ്കിലും ഇതിൽ നിഷേധ സ്വരം ഉണ്ട്. അതുകൊണ്ട് തന്നെ നല്ലത് ആഗ്രഹിച്ച് ഇത്തരം വാക്കുകൾ ഉപയോഗിച്ചാലും അത് നെഗറ്റീവായി ഭവിക്കും. അതിനാൽ തന്നെ നിങ്ങളുടെ സംസാരത്തിൽനിന്നും നിഷേധ സ്വരം ഉള്ള വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കുക.

3. സംഭാഷണ വേഗത: എത്രത്തോളം നാം അസ്വസ്ഥരാണോ അത്രത്തോളം നമ്മുടെ സംഭാഷണത്തിന്റെ വേഗത കൂടുകയും ചെയ്യും. നിങ്ങളുടെ സംഭാഷണത്തിനിടയിൽ നാക്ക് പിഴയ്ക്കുകയോ വിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ വേഗത അൽപ്പം കുറയ്ക്കുക. എന്നാൽ ചില വാക്കുകളെയും വാക്യങ്ങളെയും വ്യത്യസ്ത രീതിയിൽ ഉയർത്തിയും താഴ്ത്തിയുമൊക്കെ ഉച്ചരിച്ച് നിങ്ങൾക്ക് ഭംഗിയാക്കാവുന്നതാണ്. ശരാശരി 120 മുതൽ 160 വരെ വാക്കുകൾ ഒരു മിനിറ്റിൽ പറയാവുന്നതാണ്. ഇത് ഒരുപാടുള്ളതായി ആദ്യം നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷെ സംസാരിച്ചുനോക്കുമ്പോൾ സ്വാഭാവികം മാത്രമാണെന്ന് നിങ്ങൾക്ക് ബോധ്യമാകും. നിങ്ങൾക്ക് നിങ്ങളുടേതായ മാതൃക സൃഷ്ടിക്കുന്നതിനായി പ്രശസ്തരായ പ്രഭാഷകരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നത് നല്ലതാണ്. ഓരോ പ്രഭാഷകരിലും നാം സ്വീകരിക്കേണ്ടതും തള്ളിക്കളയേണ്ടതുമായ കാര്യങ്ങൾ ഉണ്ടാകും. അത് ശ്രദ്ധിച്ച് മനസ്സിലാക്കുക.

4. പിച്ച് : ഉയർന്ന പിച്ചിൽ സംസാരിക്കുന്നത് സാധാരണരീതിയിൽ അസ്വസ്ഥത, ആശങ്ക, പരിഭ്രാന്തി എന്നിവയോടെയുള്ള സംഭാഷണമായാണ് കരുതുന്നത്. ഒരാൾ കൂടുതൽ ആഴത്തിൽ സംസാരിക്കുകയാണെങ്കിൽ അത് ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നു. ആഴത്തിലുള്ള ശബ്ദം ഉപയോഗിച്ച് സംസാരിക്കുമ്പോൾ അത് സ്വാഭാവികമായി തന്നെ തോന്നേണ്ടതായുണ്ട്. വാക്കുകൾ ഉറക്കെയും അതേസമയം വളരെ താഴ്ന്ന പിച്ചിൽ ഒതുക്കിക്കൊണ്ടും സംസാരിച്ച് പഠിക്കുന്നത് നല്ലതാണ്. ഇതേരീതിയിൽ പുസ്തകങ്ങളോ പത്രമോ വായിച്ചു ശീലിക്കാം. പിച്ചിൽ നിങ്ങൾ മികവ് നേടി എന്ന് ഉറപ്പുവന്നാൽ അത് പൊതുവേദികളിൽ ഉപയോഗിച്ചുതുടങ്ങാം. അതുവരെ വീടിനുള്ളിൽ തന്നെ പരിശീലിക്കുന്നതാകും നല്ലത്. നിങ്ങളുടെ വ്‌ളോഗ് തയ്യാറാക്കുമ്പോൾ ഇത് തീർച്ചയായും ഉൾക്കൊള്ളിക്കാൻ മറക്കരുത്.

5. വ്യാപ്തം (വോളിയം) : നിങ്ങളുടെ സംഭാഷണത്തിന്റെ വ്യാപ്തം വളരെ പ്രധാനപ്പെട്ടതാണ്. വളരെ താഴ്ന്ന ശബ്ദത്തിൽ സംസാരിക്കുന്നുവെങ്കിൽ സുരക്ഷിതമല്ലാത്ത ഒരു അവസ്ഥയിലാണ് നിങ്ങൾ എന്ന സന്ദേശം ആണ് നൽകുന്നത്. ഒരു പ്രഭാഷണം ഒരിക്കലും വളരെ താഴ്ന്ന ശബ്ദത്തിൽ തുടങ്ങാതിരിക്കുക. നല്ല ഉയർന്ന ആത്മവിശ്വാസത്തോടെയുള്ള ശബ്ദത്തിൽ തന്നെ പ്രഭാഷണം അല്ലെങ്കിൽ സംസാരം ആരംഭിക്കുക. നിങ്ങൾ ആത്മവിശ്വാസം ഉള്ളവരാണെന്ന് മറ്റുള്ളവരിൽ തോന്നൽ ഉണ്ടാക്കുന്നതിനോടൊപ്പം നിങ്ങളിലും ആ തോന്നൽ ഉണ്ടാക്കാൻ ഇത് സഹായിക്കും.

6. വായ തുറന്ന് സംസാരിക്കുക : പലർക്കും സംസാരിക്കുമ്പോൾ വാക്കുകളിൽ വ്യക്തതയും ഉച്ചവും (വോളിയം) കൊണ്ടുവരാൻ കഴിയാറില്ല. അതിനായി വായ തുറന്ന് നന്നായി സംസാരിക്കുക. വാക്കുകളുടെ ഉച്ചാരണ ശുദ്ധിക്കും, വ്യക്തതയ്ക്കും വായ ആവശ്യത്തിന് തുറന്ന് സംസാരിക്കേണ്ടതായുണ്ട്.

7. സംഭാഷണങ്ങളിൽ ഏർപ്പെടുക: തുടർച്ചയായി മറ്റുള്ളവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുവാൻ ശ്രമിക്കുക. ഇതിനായി സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ നിയന്ത്രണമില്ലാതെ പോകാതിരിക്കാൻ ശ്രമിക്കുക. വാക്കുകൾ വിവേകപൂർവം ഉപയോഗിച്ചുകൊണ്ട് തന്നെ സംഭാഷണങ്ങളിൽ ഏർപ്പെടുക. നിങ്ങൾക്ക് മറുവ്യക്തിയുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനോടുള്ള താല്പര്യം വ്യക്തമാക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.

ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനായി ഭാഷ ഉപയോഗിക്കുക.

1. ‘ഞാൻ’, ‘നമ്മൾ’ എന്നിവയിലൂടെ ശക്തരാകുക: നിത്യജീവിതത്തിൽ പലപ്പോഴും ‘ഞാൻ’ എന്ന വാക്ക് പൊങ്ങച്ചത്തിനെ സൂചിപ്പിക്കുന്നതായാണ് നാം കരുതുന്നത്. അതിനാൽ തന്നെ പലപ്പോഴും ഇത് ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ‘ഞാൻ, നമ്മൾ’ എന്നീ വാക്കുകൾക്ക് നമ്മെ ശക്തിപ്പെടുത്താൻ സാധിക്കും. ചില അവസരങ്ങളിൽ ‘ഞാൻ’ എന്ന വാക്ക് വലിയ ആത്മവിശ്വാസം നൽകും. ‘നീ’ എന്ന വാക്ക് ഒഴിവാക്കി ‘നമ്മൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന്: ‘നീ ആ ജോലി ഈ ആഴ്ച്ചതന്നെ ചെയ്യണം’ എന്നതിന് പകരം ‘നമുക്ക് ആ ജോലി ഈ ആഴ്ച്ച തന്നെ തീർക്കണം’ എന്നത് ഉപയോഗിച്ചാൽ അത് വലിയ മാറ്റം സൃഷ്ടിക്കും.

2. പ്രശ്നത്തിൽ നിന്ന് പരിഹാരത്തിലേക്ക് : നമ്മൾ ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെങ്കിൽ നമ്മുടെ ചിന്തകളും പ്രശ്നങ്ങൾ തിരഞ്ഞ് പോകും. അതിനാൽ തന്നെ നല്ലത് ചന്തിക്കുക എന്നതിലേക്ക് വരുന്നതിനായി നമുക്ക് നല്ലത് സംസാരിക്കാം. വെല്ലുവിളികളെ പ്രശ്നങ്ങളായി കാണാതെ അതിനുള്ള പരിഹാരം കാണുവാൻ ഇനിമുതൽ നിങ്ങൾക്ക് കഴിയണം. ഉദാഹരണത്തിന്: സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാതെ പണം കണ്ടെത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാം. പ്രശ്നങ്ങൾ നിങ്ങളെ കീഴടക്കാൻ വിട്ടുകൊടുക്കാതെ അതിന്റെ മാർഗ്ഗത്തിൽ ഉറച്ചുനിൽക്കാൻ കഴിയട്ടെ.

നിങ്ങൾ വളരെയടുത്ത് ഇടപഴകുന്ന 5 വ്യക്തികളുടെ ശരാശരിയാണ് നിങ്ങൾ എന്ന് പറയാറുണ്ട്. അതുകൊണ്ട് തന്നെ നല്ലവരുമായി സമ്പർഗ്ഗം പുലർത്തുക. അതുകൊണ്ട് തന്നെ നെഗറ്റീവ് ചിന്തയുള്ളവരുമായോ, ശുഭാപ്തിവിശ്വാസം ഇല്ലാത്തവരുമായോ (ദുരന്തം പറച്ചിലുകാരോടോ) വിട്ട് നിൽക്കുക. നിങ്ങളെ പ്രചോദിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളുമായി ചേർന്നിരിക്കുക.

3. നിർദ്ദേശങ്ങൾ : ഭാഷയ്ക്ക് നമ്മുടെ വിചാരങ്ങളുമായും വികാരങ്ങളുമായും നേരിട്ട് ബന്ധമുള്ളതിനാൽ പരമാവധി അതിനെ ഉപയോഗപ്പെടുത്തുക. നല്ല സന്ദേശങ്ങൾ, നല്ല വാക്കുകൾ എന്നിവ നമ്മുടെ തന്നെ ഉപഭോഗമനസ്സിന് നിർദ്ദേശങ്ങളായി നമുക്ക് നൽകാം. നമ്മളെക്കുറിച്ച് നല്ലത് സ്വയം പറയുമ്പോൾ അത് നമ്മുടെ ഉപഭോഗമനസ്സിൽ ഉറയ്ക്കുന്നു.

ചില ഉദാഹരണങ്ങൾ:

  • എനിക്ക് ആത്മവിശ്വാസം ഉണ്ട്.
  • ഞാൻ വിലപിടിപ്പുള്ള വ്യക്തിയാണ്.
  • എന്റെ ജീവിതം ഊർജ്ജസ്വലവും സന്തോഷകരവുമാണ്.
  • ഞാൻ ഒരു ജീവിത വിജയിയാണ്.
  • ഞാൻ ഒരു നല്ല രക്ഷിതാവ് ആണ്.

ഇത്തരത്തിൽ നിങ്ങളുമായി ബന്ധപ്പെടുത്തി ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വയം പറയുക. ഒരു മിനിറ്റിൽ പറഞ്ഞു തീർക്കാൻ കഴിയുന്ന അഞ്ചോ പത്തോ അത്തരത്തിലുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കുക. കണ്ണടച്ച് അവ ഓരോന്നായി ഉരുവിടുകയും അതിനോടൊപ്പം അത് മനസ്സിൽ കാണുകയും ചെയ്യുക.

ഇവയെല്ലാത്തിലും ഒറ്റയടിക്ക് മികവ് സൃഷ്ടിക്കാൻ കഴിയില്ല. പടിപടിയായി ഓരോന്നിലായി നമുക്ക് മികവ് കണ്ടെത്താം.

പ്രവർത്തനം : ഓപ്പറേഷൻ റബ്ബർ ബാൻഡ്

സംഭാഷണത്തിന്റെ ഭാഗമായി നിങ്ങൾ പഠിച്ചെടുക്കേണ്ട അല്ലെങ്കിൽ മികവ് വർധിപ്പിക്കേണ്ട മേഖലകൾ പട്ടികയായി എഴുതുക. നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന മുൻഗണന ക്രമത്തിൽ അതിനെ ക്രമീകരിക്കുക. അതായത് ആദ്യം സ്വായത്തമാക്കാൻ ആഗ്രയ്ക്കുന്നത് ആദ്യം എഴുതുക. ശേഷം, ഓരോന്നായി പരിശീലിക്കുക. പരിശീലിക്കുന്നതിന് മുമ്പായി കൈത്തണ്ടയിൽ ഒരു റബ്ബർ ബാൻഡ് ഇടുക. വളരെ മുറുകുന്ന രീതിയിൽ ഇടേണ്ടതില്ല. അയഞ്ഞ രീതിയിൽ ഇടാൻ പറ്റിയ വലുപ്പത്തിൽ വേണം റബ്ബർ ബാൻഡ് എടുക്കാൻ. ശേഷം, നിങ്ങൾ സ്വായത്തമാക്കാൻ ആഗ്രഹിക്കുന്ന ഘടകം പരിശീലിക്കുക. ഉദാഹരണത്തിന് സംഭാഷണത്തിലെ വോളിയം ആണെന്ന് കരുതുക. നിങ്ങളുടെ വോളിയം കുറവാണ് എന്ന് തോന്നിയാൽ ഒരു ചെറിയ ശിക്ഷയായി റബ്ബർ വലിച്ച് വിടുക. ഒരു ചെറിയ വേദന നിങ്ങൾക്ക് തോന്നും. അത് നിങ്ങളുടെ ഉപബോധ മനസ്സിൽ പോസറ്റീവ് ശിക്ഷയായി രേഖപ്പെടുത്തുകയും നിങ്ങളെ അടുത്ത പ്രാവശ്യം മികവ് കാട്ടാൻ പ്രേരിപ്പിക്കുകയും ചെയ്യും. റബ്ബർ ബാൻഡ് വലിച്ചു വിടുമ്പോൾ നിങ്ങളെ വല്ലാതെ അപകടപ്പെടുത്താത്ത രീതിയിൽ നിങ്ങൾക്ക് ക്രമീകരിക്കാം.

കുറഞ്ഞത് 21 ദിവസമെങ്കിലും ഒരു വിഭാഗം മികച്ചതാക്കാൻ എടുക്കും. തുടർച്ചയായി 21 ദിവസം ചെയ്യുന്നതിലൂടെ ആ വിഭാഗത്തിൽ ചെയ്യാൻ പാടില്ലാത്തതും പാടുള്ളതും നിങ്ങളുടെ ഉപബോധമനസ്സിൽ ഉറയ്ക്കുന്നു.

നിർദ്ദേശങ്ങളുടെ സംഗ്രഹം

ഒന്നാം ഭാഗം

  • നിങ്ങൾ സ്വായത്തമാക്കേണ്ട സംഭാഷണത്തിന്റെ വിവിധ മേഖലകൾ എഴുതുക.
  • അതിനെ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് ആദ്യം സ്വായത്തമാക്കേണ്ടത് തിരഞ്ഞെടുക്കുക.
  • കൈത്തണ്ടയിൽ റബ്ബർ ബാൻഡ് ധരിച്ച് പരിശീലിക്കുക.

രണ്ടാം ഭാഗം

  • അഞ്ചുമുതൽ പത്ത് വരെ നിർദേശങ്ങൾ തയ്യാറാക്കുക.
  • നിശബ്ദമായ ഒരു സ്ഥലത്ത് പോയി കണ്ണുകൾ അടച്ച് ഇരിക്കുക.
  • 30 സെക്കന്റ് മുതൽ ഒരു മിനിറ്റ് വരെ സമയം എടുത്ത് അവയിൽ ഓരോന്നും ആവർത്തിച്ച് ഉച്ചരിക്കുകയും അത് ദൃശ്യവൽക്കരിക്കുകയും ചെയ്യുക.