Chapter 004


Gratitude Diary


കൃതജ്ഞതയുടെ ഡയറി

വിജയ ഡയറി പോലെത്തന്നെ ഇതിന്റെ പേരിൽനിന്നു തന്നെ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. അതെ, നിങ്ങൾ ഉദ്ദേശിച്ചത് തന്നെയാണ്. കൃതജ്ഞത, നന്ദി എന്നിവയൊക്കെ നമ്മുടെ ജീവിതത്തിൽ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതിൽ നിന്നും ഒരു മാറ്റം തന്നെയാണ് ഈ ഡയറിയിൽ നിന്നും ഉദ്ദേശിക്കുന്നത്. എന്തുകൊണ്ടെന്നാൽ, ഇനിയുള്ള നിങ്ങളുടെ ശ്രദ്ധ നിങ്ങളെ ജീവിതത്തിൽ ഉയർച്ചയിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ മാത്രമാകണം. നിങ്ങളെ താഴ്ചയിലേക്ക് തള്ളിയിടുന്ന ഒന്നിനുവേണ്ടിയും സമയം ചിലവഴിക്കാൻ നിങ്ങൾക്ക് ഇനി കഴിയാത്ത തരത്തിൽ ജീവിതത്തെ നമുക്ക് മാറ്റിയെടുക്കാം.

എന്താണ് നന്ദിയുടെ ഡയറി ?

നാം ഈ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. അവയെല്ലാം രേഖപ്പെടുത്താനും വീണ്ടും വീണ്ടും വായിച്ച് നമ്മിൽ നന്മ ഉണർത്താനും സഹായിക്കുന്ന ഒന്നാണ് നന്ദിയുടെ ഡയറി. സാധാരണ ഡയറിയിൽ നിന്നും ഇത് വ്യത്യസ്തമാണ്. ജീവിതത്തിലെ നന്മകളെ കണ്ടെത്തുവാൻ ഈ പ്രവർത്തനം സഹായിക്കും. ഓരോദിവസവും നിങ്ങൾ എന്തിനൊക്കെ കടപ്പെട്ടിരിക്കുന്നു എന്ന് എഴുതുന്നതിനായി 5 മിനിറ്റ് സമയം മാറ്റിവെക്കുക. അത് വെറും വസ്തുക്കളിൽ ഒതുങ്ങി നിൽക്കാതെ മാനസികവും വൈകാരികവുമായ തലത്തിലേക്ക് കൂടി കൊണ്ടുപോകാൻ നിങ്ങൾ ശ്രമിക്കുക. നിങ്ങൾ കണ്ടുമുട്ടിയ വ്യക്തികൾ, നിങ്ങൾ കടന്നുപോയ സന്ദർഭങ്ങൾ, നിമിഷങ്ങൾ, നിങ്ങൾ എടുത്ത ഏതെങ്കിലും തീരുമാനങ്ങൾ ഇവയെല്ലാം അതിൽ ഉൾക്കൊള്ളിക്കാം. നിങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സന്ദർഭങ്ങളും സംഭവങ്ങളും കൂടി നിങ്ങൾക്ക് ഇതിൽ ഉൾക്കൊള്ളിക്കാം. ഉദാഹരണത്തിന്, വഴിയോരത്ത് കിടന്നിരുന്ന ഭിക്ഷക്കാരന് ഒരു കുട്ടി ആഹാരം കൊടുക്കുന്നത് നേരിൽ കാണുവാൻ കഴിഞ്ഞു.

എന്താണ് നന്ദിയുടെ ഡയറി ?

2003 ൽ നടത്തിയ “Counting Blessings Versus Burdens : An Experimental Investigation of Gratitude and Subjective Well-Being in Daily Life” എന്ന പഠനം അനുസരിച്ച്, നന്ദിയുടെ ഡയറി തുടർച്ചയായി എഴുതുന്ന വ്യക്തികൾക്ക് ജീവിതത്തോട് മികച്ച കാഴ്ചപ്പാട് പുലർത്തുവാൻ സാധിക്കുന്നതായി പറയുന്നു. ഈ പഠനത്തിൽ പങ്കെടുത്തവരെ 3 ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. അതിൽ ഒരു കൂട്ടർ ഡയറിയിൽ അവരുടെ കൃതജ്ഞത, കടപ്പാട് എന്നിവ എഴുതി (നന്ദിയുടെ ഡയറി). രണ്ടാമത്തെ കൂട്ടർ അവരെ അലട്ടുന്നതോ അലോസരപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ എഴുതി. മൂന്നാമത്തെ കൂട്ടർ അവരുടെ ജീവിതത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങൾ എഴുതി. നന്ദിയുടെ ഡയറി എഴുതിയ ആദ്യത്തെ കൂട്ടം മറ്റു രണ്ട് കൂട്ടരേക്കാളും സന്തോഷവാന്മാരായും ഉത്സാഹികളായും കാണപ്പെട്ടു.

എന്തുകൊണ്ട് ?

സാധാരണയായി ജീവിതത്തിൽ നടക്കുന്ന മോശം സംഭവങ്ങളിൽ ശ്രദ്ധയൂന്നാൻ ആണ് പലപ്പോഴും നമുക്ക് കഴിയാറ്. എന്നാൽ ഇത് ശീലമാക്കുമ്പോൾ നല്ല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് കഴിയുന്നു. നമ്മുടെ കടപ്പാടുകളിൽ ശ്രദ്ധയൂന്നുന്നത് വഴി സമ്മർദ്ദങ്ങളും നെഗറ്റീവ് ചിന്തകളും അകറ്റാൻ നമുക്ക് കഴിയും. തുടർച്ചയായ 21 ദിവസം ഇത് ചെയ്യുമ്പോൾ നല്ലത് കണ്ടെത്താൻ നിങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ടാകും. അതിനായി നിത്യജീവിതത്തിൽ നിങ്ങൾ പരിശ്രമിച്ചു തുടങ്ങും.

ജീവിതത്തിൽ നമുക്ക് എന്തൊക്കെയുണ്ടെന്നും നമ്മൾ എത്രത്തോളം ഭാഗ്യവാന്മാരാണെന്നും നമുക്ക് ബോധ്യപ്പെടുത്താൻ ഈ പ്രവർത്തനം സഹായിക്കും. മനഃശാസ്ത്രപരമായും മാനസികപരമായും നമ്മളെ വിവരിക്കുവാൻ ഈ പ്രവർത്തനത്തിന് സാധിക്കും.

തയ്യാറാക്കുന്നതിനുള്ള നടപടിക്രമം

നന്ദിയുടെ ഡയറി തയ്യാറാക്കുന്നതിന് പ്രത്യേകിച്ച് നിയമങ്ങളോ നിബന്ധനകളോ ഇല്ല. നിങ്ങൾ കടപ്പെട്ടിരിക്കുന്ന നിമിഷങ്ങൾ, സംഭവങ്ങൾ, വസ്തുക്കൾ, വ്യക്തികൾ തുടങ്ങി എല്ലാം പട്ടികയായി തയ്യാറാക്കുക എന്നതാണ് നടപടിക്രമം.

ഉദാഹരണം

എന്നെ മനസ്സിലാക്കുന്ന കൂട്ടുകാരെ ലഭിച്ചതിന് ഞാൻ നന്ദിയുള്ളവനാകുന്നു.
ക്രിക്കറ്റിനോടുള്ള എന്റെ അതിയായ ആഗ്രഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
എനിക്ക് ആദ്യമായി ഒരു ജോലി തന്ന സ്ഥാപനത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
സൂര്യൻ ഉദിച്ചുയരുന്ന മനോഹരമായ കാഴ്ച എനിക്കിന്ന് കാണുവാൻ സാധിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു.

ആദ്യ 3 ആഴ്ച്ചകളിൽ 6 പോയിന്റ് വീതം എഴുതുക. അതുകഴിഞ്ഞ് ഈ നിബന്ധന നിങ്ങൾക്ക് നീക്കം ചെയ്യാം. അതിനുശേഷം അതാത് ദിവസം നടക്കുന്ന സംഭവങ്ങളുമായി ബന്ധിപ്പിച്ച് എഴുതാം. വൈകുന്നേരങ്ങളിൽ ഇത് എഴുതുകയാണെങ്കിൽ ആനി ദിവസം നടന്ന അനുഭവങ്ങളുമായി ചേർത്ത് വെച്ച് എഴുതാം. മറിച്ച് രാവിലെ ആണെങ്കിൽ കഴിഞ്ഞ ദിവസത്തെ അനുഭവം ഉറക്കത്തിൽ ഒന്നുകൂടി ഓർത്തെടുത്ത ശേഷം പുലർച്ചെ എഴുതാം.

ഇതിനായി എല്ലാ അനാവശ്യ കാര്യങ്ങൾക്കും കടപ്പാട് പ്രകടിപ്പിച്ചു തുടങ്ങുന്നത് നല്ലതായി വരില്ല.

നിർദ്ദേശങ്ങളുടെ സംഗ്രഹം

  • ഒരു നോട്ടുപുസ്തകം അല്ലെങ്കിൽ ഡയറി ഇതിനായി മാറ്റിവെക്കുക.
  • ഡയറി തയ്യാറാക്കുന്നതിന് ഒരു ഘടന തിരഞ്ഞെടുക്കുക.
  • ദിവസേന അവ കൃത്യമായി എഴുതുക.