Chapter 003


To Do List


ചെയ്യേണ്ടുന്ന കാര്യങ്ങളുടെ പട്ടിക

ഒരു ദിവസം അല്ലെങ്കിൽ ആ ആഴ്ചയിൽ ചെയ്തുതീർക്കേണ്ട പ്രവർത്തനങ്ങളുടെ പട്ടികയാണ് ഇത്. ഇനി ചെയ്യേണ്ടുന്നതും ചെയ്തു തീർത്തതുമായും പ്രവർത്തനങ്ങളുടെ ഘടനാപരമായ രൂപമാണ് ഇത്.

നേട്ടങ്ങൾ

രാത്രിയിൽ കിടക്കുന്നതിന് മുമ്പായി നാളത്തേക്ക് ചെയ്യാനുള്ള പ്രവർത്തനങ്ങളുടെ പട്ടിക തയ്യാറാക്കുക. നിത്യജീവിതത്തിൽ ചെയ്തു പൂർത്തിയാക്കേണ്ട ചുമതലകൾ, നിങ്ങളുടെ ജീവിത ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്ന വിവിധ ഘട്ടങ്ങൾ എന്നിവയൊക്കെ ആണ് ഇതിൽ ഉൾക്കൊള്ളിക്കേണ്ടത്. നിത്യജീവിതത്തിൽ ചെയ്തു തീർക്കാൻ കഴിയുന്ന രീതിയിൽ ലക്ഷ്യങ്ങളെ ചെറുതാക്കി വേണം പട്ടികയിൽ ചേർക്കാൻ. പട്ടിക പൂർത്തിയാക്കുന്നവയ്ക്ക് നേരെ “ശരി” ചിഹ്നം ഇടുകയോ വേറെ എന്തെങ്കിലും രീതിയിൽ അത് സൂചിപ്പിക്കുകയോ ചെയ്യാം. പ്രവർത്തനങ്ങൾ മുകളിൽ നിന്ന് താഴോട്ട് പടിപടിയായി തന്നെ ചെയ്യണം എന്ന് യാതൊരു നിർബന്ധവും ഇല്ല. എങ്കിലും, പ്രവർത്തങ്ങളുടെ മുൻഗണന അടിസ്ഥാനത്തിൽ തന്നെ അത് രേഖപ്പെടുത്താൻ ശ്രമിക്കുക. അങ്ങനെ മുൻഗണന അടിസ്ഥാനത്തിൽ തയാറാക്കിയെങ്കിൽ തന്നെ അത് ക്രമത്തിൽ തന്നെ പൂർത്തിയാക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതില്ല.

ഘടന

ഇത് വളരെ വിശദമായി എഴുതേണ്ട കാര്യമില്ല. പട്ടിക രൂപത്തിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഓരോന്നായി എഴുതിയാൽ മതിയാകും. നോട്ട്പാഡ്, കടലാസ്, മൊബൈൽ അപ്ലിക്കേഷൻ, പിൻബോർഡ് എന്നിവ ഈ പ്രവർത്തനത്തിനായി ഉപയോഗിക്കാം. നിങ്ങൾക്ക് അനുയോജ്യമായതും ഉപയോഗിക്കാൻ കഴിയുന്നതുമായവ തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

പട്ടിക തയ്യാറാക്കൽ

ആ ദിവസം അല്ലെങ്കിൽ ആ ആഴ്ചയിൽ പൂർത്തിയാക്കേണ്ടുന്ന കാര്യങ്ങൾ പട്ടികയാക്കി എഴുതുക. ചെയ്യേണ്ടുന്ന എല്ലാം പട്ടികയിൽ വിട്ടുപോകാതെ ചേർത്തിട്ടുണ്ടെന്നു കുറച്ചു നേരം എടുത്ത് ഉറപ്പ് വരുത്തുക. അതിനുശേഷം മുൻഗണന ക്രമത്തിൽ ക്രമീകരിക്കുക. അതിനായി അത് പൂർത്തിയാക്കാൻ എത്ര സമയം എടുക്കും, ആ പ്രവർത്തനത്തിന്റെ പ്രാധാന്യം എന്ത്, ആ പ്രവർത്തനം എങ്ങനെ നമ്മുടെ വികാരങ്ങളുമായി ചേർന്ന് നിൽക്കുന്നു എന്നിവ ശ്രദ്ധിക്കേണ്ടതായുണ്ട്. മുൻഗണനയിൽ ആദ്യമുള്ളത് ആദ്യയും മുൻഗണന കുറഞ്ഞത് താഴെയും ചേർക്കാം.

ഗുണങ്ങൾ

ചെയ്യേണ്ടുന്നകാര്യങ്ങൾ പട്ടിക രൂപത്തിൽ എഴുതി തയ്യാറാക്കി ചെയ്യുന്നതിലൂടെ ജീവിതം കുറച്ചുകൂടി അടുക്കും ചിട്ടയും ഉള്ളതായി മാറും. ചെയ്യാനുള്ള കാര്യങ്ങൾ എഴുതി വെച്ചതുകൊണ്ട് തന്നെ അതിനെകുറിച്ച് ആലോചിച്ച് സമയം കളയേണ്ടതില്ല. എന്തെങ്കിലും വിട്ടുപോയോ വിട്ടുപോയോ എന്ന് പലപ്പോഴായി ചിന്തിച്ച് സമ്മർദ്ദത്തിന് അടിമപ്പെടുന്നതിൽനിന്നും രക്ഷയായി ഈ പ്രവർത്തനം മാറുന്നു.

കൂടാതെ, വിജയത്തിന്റെ ചിന്തകൾ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് സംതൃപ്തി എന്നിവ നമ്മിലുണ്ടാകാൻ സഹായകമാകും. ചെയ്തു തീർത്തവ മാർക്ക് ചെയ്യുമ്പോൾ അത് നമ്മുടെ തലച്ചോറിൽ വിജയ നിമിഷമായി രേഖപ്പെടുത്തപ്പെടുന്നു. ഇത് ഡോപ്പാമിൻ ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുന്നതിനോടൊപ്പം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഓരോന്നായി കുറഞ്ഞു വരുന്നത് കാണുമ്പോൾ ആത്മവിശ്വാസം കൂടുന്നു. ഡോപ്പാമിൻ സന്തോഷത്തിന്റെ ഹോർമോൺ ആണ്. ശരീരത്തിനെ ഊർജ്ജസ്വലമാക്കുന്നതിനും കൂടുതൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്ത് തീർക്കുന്നതിനും ഇത് കാരണമാകും.

വിജയ ഡയറിയിലേക്ക് വിജയ നിമിഷങ്ങൾ എഴുതി ചേർക്കുന്നതിന് ഈ പ്രവർത്തനം കൂടുതൽ സഹായിക്കും. ഇതിൽ ചെയ്തു തീർക്കപ്പെടുന്നവയെല്ലാം വിജയ ഡയറിയിൽ ചെയ്തു തീർത്ത പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ എഴുതി ചേർക്കാം. ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളുടെ പട്ടികയിൽ നിന്ന് ഇവ വിജയ ഡയറിയിലേക്ക് മാറുമ്പോൾ ഓരോന്നിനും കൂടുതൽ വിവരങ്ങൾ കൊടുത്ത് വിശദമായി എഴുതാൻ മറക്കണ്ട.

നിർദ്ദേശങ്ങളുടെ സംഗ്രഹണം

പട്ടികയുടെ രൂപം ഏത് രീതിയിൽ വേണം എന്ന് തീരുമാനിക്കുക.
അടുത്ത ദിവസത്തേക്കുള്ള പട്ടിക തയ്യാറാക്കുക.
പൂർത്തിയാക്കുന്നവ മാർക്ക് ചെയ്യുക. അവ വിജയ ഡയറിയിലേക്ക് വിശദീകരണങ്ങളോടെ മാറ്റുക.

ദൃശ്യവൽക്കരണം, വിജയ ഡയറി എന്നിവ മറക്കാതെ എഴുതുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രവർത്തനങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ മാത്രമാണ് അതിന്റെ ഫലം ലഭിക്കുക...!