Chapter 002


Success Diary


വിജയ ഡയറി

നിങ്ങളുടെ വിചാരങ്ങളും, വികാരങ്ങളും, സംഭവവികാസങ്ങളും എല്ലാം രേഖപ്പെടുത്തുന്ന പുസ്തകമാണ് ഡയറി. അതിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉണ്ടാകും. നിങ്ങളുടെ അവസാനത്തെ വിജയ നിമിഷം ഏതെന്ന് ചോദിച്ചാൽ പലർക്കും പറയാൻ കഴിയാറില്ല. എന്നാൽ നിങ്ങളുടെ പരാജയ നിമിഷങ്ങൾ എല്ലാം തന്നെ നിങ്ങൾ ഓർത്തിരിക്കുന്നുമുണ്ടാകാം. ഇതിലൊരു മാറ്റം വരാൻ വിജയ ഡയറി നിങ്ങളെ സഹായിക്കും. നിങ്ങൾ എത്രത്തോളം വിജയ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത് എന്ന് നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തുവാനും ആത്മവിശ്വാസം നൽകുവാനും ഇത് നിങ്ങളെ സഹായിക്കും.

എന്താണ് വിജയ ഡയറി?

സാധാരണ ഡയറി പ്രവർത്തിക്കുന്നത് പോലെയല്ല ഒരു വിജയ ഡയറിയുടെ പ്രവർത്തനം. വിജയ ഡയറിയിൽ നിങ്ങൾ കുറിക്കുന്നത് നിങ്ങളുടെ വിജയ നിമിഷങ്ങൾ, നിങ്ങളുടെ ചെറുതും വലുതുമായ നേട്ടങ്ങൾ, ആ ദിവസത്തിലെ സുന്ദര നിമിഷങ്ങൾ, അനുഭവങ്ങൾ എന്നിവയാണ്. ജോലിയിൽ ഉയർച്ച നേടുന്നതുപോലുള്ള വലിയകാര്യങ്ങളായിക്കോട്ടെ അല്ലെങ്കിൽ വളരെ നാളുകൾക്ക് ശേഷം പഴയ സുഹൃത്തിനെ കാണുന്നത് ആയിക്കോട്ടെ. എല്ലാ നല്ലകാര്യങ്ങളും എഴുതാൻ ശ്രമിക്കുക.

വിജയ ഡയറി എന്തിന്?

ഈ വ്യക്തിത്വ വികസന പ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ ഒരുപാട് പ്രവർത്തനങ്ങൾ ഉള്ളതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ശരിയായിരിക്കാം, എങ്കിലും വിജയ ഡയറി നിങ്ങൾ എഴുതുക തന്നെ വേണം. ഈ പ്രവർത്തനത്തിന്റെ പൂർണ്ണമായ ഗുണത്തിനായി എന്നും അത് എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ഇത്തരത്തിൽ നിങ്ങളുടെ വിജയ നിമിഷങ്ങൾ കുറിച്ചിടുന്നത് ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഫ്ലോറിഡയിലെ വാറിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ജോയ്‌സ് ഇ ബോണോ നടത്തിയ പഠനങ്ങൾ പ്രകാരം വിജയ ഡയറി എഴുതുന്നതിലൂടെ ജീവിതത്തിലും ജോലിയിലും കൂടുതൽ സന്തോഷം കണ്ടെത്താനും സംതൃപ്തിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുവാനും കഴിഞ്ഞു.

മാത്രമല്ല, അവർ കൂടുതൽ ക്രിയാത്മകത ഉള്ളവരായും, ഉറക്കമില്ലായ്മ, തലവേദന പോലുള്ള പ്രശ്നങ്ങൾ കുറഞ്ഞതായും നല്ല ശാരീരിക മാനസിക ആരോഗ്യം ഉള്ളവരായും കണ്ടെത്തി.

മറ്റ് ഗുണങ്ങൾ

എല്ലാത്തിനോടും പോസിറ്റീവായ വീക്ഷണം: എത്രതന്നെ നല്ല അനുഭവങ്ങൾ ഉണ്ടായിക്കഴിഞ്ഞാലും നമ്മൾ പലപ്പോഴും കൊണ്ടുനടക്കുന്നത് മോശം അനുഭവങ്ങൾ ആയിരിക്കും. മോശം അനുഭവങ്ങൾ കുഴിച്ചുമൂടാൻ ബുദ്ധിമുട്ടാണ് എന്ന് മാത്രമല്ല അവ നമ്മുടെ ശ്രദ്ധാകേന്ദ്രമായി നമ്മോടൊപ്പം തുടരുന്നു. എന്നാൽ നമ്മുടെ നല്ല അനുഭവങ്ങൾ മുന്നിലേക്ക് വരാതെ പിന്നാമ്പുറങ്ങളിലേക്ക് മറയുകയാണ് പതിവ്.

ഈ വിജയ ഡയറി നിങ്ങളുടെ ശ്രദ്ധ നല്ല അനുവങ്ങളിലേക്ക് വഴിതിരിച്ചു വിടാൻ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ പോസിറ്റീവായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുന്നതിനും ജീവിതത്തിൽ കടപ്പാടുള്ളവരായി മാറുന്നതിനും കഴിയും.

സമ്മർദ്ദവും തിരിച്ചടികളും കൈകാര്യം ചെയ്യാൻ പഠിക്കുന്നു: സമ്മർദ്ദങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല. വ്യക്തിജീവിതത്തിൽ ആയിക്കോട്ടെ… അല്ലെങ്കിൽ ജോലിയിടങ്ങളിൽ ആയിക്കോട്ടെ… ഒരുപാട് സമ്മർദ്ദങ്ങൾ, വെല്ലുവിളികൾ, തിരിച്ചടികൾ എന്നിവ നിങ്ങൾക്ക് നേരിടേണ്ടതായി വരും. വിജയ ഡയറി എഴുതുന്നത് ശീലമാക്കുന്നത് വഴി നല്ല കാര്യങ്ങളിൽ ശ്രദ്ധ കൊണ്ടുവരുവാനും സമ്മർദ്ദങ്ങളേയും തിരിച്ചടികളേയും മുമ്പത്തേക്കാൾ നന്നായും എളുപ്പത്തിലും കൈകാര്യം ചെയ്യുവാൻ നാം പഠിക്കുന്നു.

ലക്ഷ്യങ്ങൾ: വലിയ വലിയ ലക്ഷ്യങ്ങൾ കണക്കുകൂട്ടുമ്പോൾ അതിലെത്തുന്നതിനു മുമ്പ് തന്നെ നമ്മൾ പിന്മാറുക പതിവാണ്. നിങ്ങൾ നിങ്ങളുടെ നല്ല നിമിഷങ്ങളും വിജയ നിമിഷങ്ങളും എഴുതി വെക്കുന്നത് വഴി നിങ്ങൾ സ്വയം പ്രജോതനം ഉൾക്കൊള്ളുന്നു. പിന്നിട്ട ഓരോ വിജയ മുഹൂർത്തങ്ങളും നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് പടിപടിയായി അടുക്കുകയാണ് എന്ന ചിന്തയാണ് കൊണ്ടുവരിക. വലുതും ഒരുപാട് സമയം എടുക്കുന്നതുമായ ലക്ഷ്യങ്ങൾ സ്വയം പ്രജോതനത്തിലൂടെ നിലനിർത്താനും പൂർത്തിയാക്കുവാനും വിജയ ഡയറി ഒരു ഉത്തമ പ്രവർത്തനം ആണ്.

ഓർമ്മ: പല അഭിമുഖങ്ങളിലും നിങ്ങളുടെ ശക്തി അല്ലെങ്കിൽ നല്ല ഗുണങ്ങൾ വിവരിക്കുവാനും വ്യക്തി എന്ന രീതിയിൽ നിങ്ങളെ വിശദീകരിക്കാനോ ആവശ്യപ്പെടാറുണ്ട്. എന്നാൽ പലരും അവരവരുടെ ശക്തി എന്തെന്ന് തിരിച്ചറിയാതെ എന്തെങ്കിലും പറഞ്ഞ് അത്തരം ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാറുണ്ട്. സ്ഥിരമായി വിജയ ഡയറി എഴുതുന്ന ഒരു വ്യക്തിക്ക് ഈ ചോദ്യത്തിന് ഉത്തരം നൽകാൻ രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വരില്ല. തുടർച്ചയായി വിജയ ഡയറി എഴുതുകയും അത് തുടർന്ന് വായിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ശക്തി എന്താണെന്നും നിങ്ങൾ എത്രത്തോളം കാര്യങ്ങൾ ചെയ്യുവാൻ കഴിവുള്ളവരാണ് എന്നും നിങ്ങൾക്ക് തിരിച്ചറിയുവാൻ കഴിയുന്നു.

ആത്മവിശ്വാസം: സമൂഹം മിക്കപ്പോഴും നമ്മുടെ ദൗർബല്യങ്ങളിലേക്കും കുറ്റങ്ങളിലേക്കും കുറവുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. ഇത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. വിജയ ഡയറി എഴുതുന്നതിലൂടെ നിങ്ങളുടെ ശക്തിയും വിജയ നിമിഷങ്ങളും നിങ്ങൾക്ക് ബോധ്യപ്പെടുത്തി നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ നിങ്ങളുടെ ഓരോ ചെറിയ വിജയ നിമിഷങ്ങളും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നിങ്ങളെപ്പറ്റി തന്നെയുള്ള സംശയങ്ങൾ അകറ്റുന്നതിനും സഹായിക്കും.

വ്യത്യസ്ത തരത്തിലുള്ള വിജയ ഡയറികൾ

സാധാരണ ഡയറി: സാധാരണ ഡയറി അല്ലെങ്കിൽ പുസ്തകം ഇതിനായി ഉപയോഗിക്കാം. ഓരോ ദിവസത്തിനായി ഓരോ പേജുകൾ മാറ്റിവെക്കുന്നതാകും ഉചിതം.

ഡിജിറ്റൽ ഡയറി: നിങ്ങളുടെ മൊബൈൽ ഫോണിലോ, ടാബിലോ അതിന് അനുയോജ്യമായ ആപ്ലികേഷനുകൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

സക്സസ് ജാർ: മൂടിയുള്ള ഒരു ഗ്ലാസ് ജാർ ഇതിനായി ഉപയോഗിക്കാം. ഒരു ചെറിയ കഷ്ണം കടലാസിൽ ഓരോ ദിവസവും നിങ്ങളുടെ വിജയ നിമിഷങ്ങൾ എഴുതി മടക്കി ജാറിൽ നിക്ഷേപിക്കാം.

വ്യത്യസ്തമായ മറ്റ് മാർഗ്ഗങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാം.

ഡയറി എഴുതേണ്ടുന്ന മാതൃക

ഡയറി എഴുതാൻ നിശ്ചിതമായ ഒരു മാതൃക ഇല്ല. അത് നിങ്ങളുടെ ക്രിയാത്മകത അനുസരിച്ച് വ്യത്യസ്തമാക്കാൻ നിങ്ങൾക്ക് കഴിയും. എങ്കിലും ഒരു വരിയിൽ സംഭവങ്ങൾ എഴുതി നിർത്താതെ കൂടുതൽ വിവരണം കൊടുക്കുന്നതാണ് നല്ലത്. മാസങ്ങൾക്കും വർഷങ്ങൾക്കും അപ്പുറവും ആ നിമിഷം ഓർത്തെടുക്കാൻ നമുക്ക് കഴിയുന്ന തരത്തിൽ പ്രധാനപ്പെട്ട നിമിഷങ്ങൾ ഒന്നും വിട്ടുപോകാതെ എഴുതുക. ചിത്രം വരയ്ക്കാൻ കഴിവുള്ളവർ അങ്ങനെയും, ചിത്രങ്ങൾ ചേർത്തുമൊക്കെ ഇത് രസകരവും ക്രിയാത്മകവുമാക്കാം.

തുടക്കം എങ്ങനെ

തുടക്കത്തിൽ എത്ര വിജയ നിമിഷങ്ങൾ എഴുതി ആരംഭിക്കണം ? എല്ലാം ഒറ്റ ദിനം കൊണ്ട് എഴുതി പൂർത്തിയാക്കുന്നത് എളുപ്പമല്ലല്ലോ. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഈ കാര്യത്തിൽ ഒരു നിർദ്ദേശം തരാമെന്ന് കരുതുന്നു. ഒരു ദിവസം 8 വിജയ നിമിഷങ്ങൾ ആണ് തുടക്കത്തിൽ നിങ്ങൾ എഴുതേണ്ടത്. 4 എണ്ണം നിങ്ങളുടെ നിത്യജീവിതത്തിൽ നിന്നും 4 എണ്ണം പഴയ കാലത്ത് നിന്നും. അവയുടെ തീയതി (കുറഞ്ഞത് വർഷം എങ്കിലും) ഓർത്തെടുക്കാനും അതനുസരിച്ച് രേഖപ്പെടുത്താനും മറക്കണ്ട.

എപ്പോൾ എഴുതണം? രാവിലെയോ…? രാത്രിയോ…?

ഇതിന് വ്യത്യസ്ത തരത്തിലുള്ള ഉത്തരങ്ങൾ ലഭിക്കാറുണ്ട്. എന്തായാലും ഗുണവും ദോഷവും ഉണ്ട്. ഒടുവിൽ തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങളുടെ സൗകര്യം പോലെ ഏതെങ്കിലും ഒരു നേരം തുടർച്ചയായി ചെയ്യുക.

വാരാന്ത്യ റിപ്പോർട്ട്

ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം വാരാന്ത്യ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി മാറ്റിവെക്കുക (കഴിവതും ശനിയോ ഞായറോ ദിനങ്ങൾ തിരഞ്ഞെടുക്കുക). ആ ദിവസം ആ ആഴ്ചയിൽ ഉടനീളം സംഭവില്ല നല്ല നിമിഷങ്ങളും പൂർത്തിയാക്കിയ ജോലിയും രേഖപ്പെടുത്തുക. ആ ആഴ്ചയുടെ ആകെയുള്ള ഒരു വീക്ഷണം അതിൽനിന്നും ലഭിക്കണം. ഓരോ ചെറിയ വിജയ നിമിഷങ്ങളും വിടാതെ രേഖപ്പെടുത്തുക. ചെറിയ നിമിഷങ്ങൾ പോലും ആഘോഷിക്കുകയും കുറിച്ചിടുകയും ചെയ്യുമ്പോൾ അതിൽനിന്നും ലഭിക്കുന്നത് വലിയ ആത്മവിശ്വാസം ആണ്.

നിർദ്ദേശങ്ങൾ സംഗ്രഹിക്കുന്നു.

  • ഏത് തരത്തിൽ വിജയ ഡയറി തയ്യാറാക്കണം എന്ന് തീരുമാനിക്കുക.
    • സാധാരണ ഡയറി
    • ഡിജിറ്റൽ ഡയറി
    • സക്സസ് ജാർ
    • മറ്റെന്തിലും രീതി
  • വിജയ ഡയറി തയ്യാറാക്കുന്നതിനായി നിങ്ങളുടേതായ ഒരു മാതൃക തയ്യാറാക്കുക. അത് പിന്തുടരുക.
  • ഇത് എപ്പോൾ തയ്യാറാക്കണം എന്ന് തീരുമാനിച്ച് അതേ സമയം തന്നെ നിത്യവും ചെയ്യുക.
  • വിജയ ഡയറി, വാരാന്ത്യ റിപ്പോർട്ട് എന്നിവ നിങ്ങളുടെ ചെയ്യേണ്ടുന്ന ജോലിയുടെ പട്ടികയിൽ ഉൾപ്പെടുത്തുക.

ഒന്നാം ചാപ്റ്ററിൽ പറഞ്ഞത് പോലെ ദൃശ്യവത്കരണം പിന്തുടരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.