സാമൂഹിക നീതി വകുപ്പ് – പ്രൊബേഷൻ ഓഫീസ് കൊല്ലം, ജില്ലാ ജയിൽ കൊല്ലം, സ്പെഷ്യൽ സബ് ജയിൽ കൊട്ടാരക്കര, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് എന്നിവ സംയുക്തമായി ജയിൽ അന്തേവാസികൾക്കായി ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെ സംഘടിപ്പിച്ച ജീവിത നൈപ്പൂണി പരിശീലന പരിപാടിയിൽ കൊല്ലം ജില്ലാ ജയിലിലും കൊട്ടാരർക്കര സബ് ജയിലിലും രണ്ട് സെഷനുകൾ വീതം എടുക്കുവാൻ എനിക്ക് അവസരം കിട്ടിയിരുന്നു.
കഴിഞ്ഞ 7 വർഷത്തോളമായി വിവിധ മേഖലയിലുള്ള വിവിധ വ്യക്തികൾക്ക് ട്രെയിനിങ് സെഷൻ എടുക്കുവാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും ആദ്യമായാണ് ജയിൽ അന്തേവാസികൾക്കായി ഒരു സെഷൻ എടുക്കാൻ അവസരം ലഭിക്കുന്നത്. പറയുന്ന ഓരോ വാക്കും സൂക്ഷിച്ച് തന്നെ വേണം… ഒരു തരത്തിലും അവരെ പ്രകോപിപ്പിക്കാൻ പാടില്ല… കളികളിലൂടെയും പ്രവർത്തങ്ങളിലൂടെയും ഉള്ള ട്രെയിനിങ് എത്രത്തോളം വിജയകരമാകും ? അതിനോട് എത്രത്തോളം അവർ സഹകരിക്കും ? തുടങ്ങി ഒരുപാട് ചിന്തകളോടും മുൻവിധികളോടും കൂടിയാണ് ജയിലിലേക്ക് കടന്ന് ചെന്നത്. കൊല്ലം ജില്ലാ ജയിലിൽ ഫെബ്രുവരി 21 നു ആരംഭിച്ച ആദ്യ ട്രെയിനിങ് പ്രോഗ്രാമിന്റെ മൂന്നാം ദിനം (ഫെബ്രുവരി 23) നാണ് ആദ്യ സെഷൻ കിട്ടിയത്. ആ ഒറ്റ സെഷൻ കൊണ്ട് തന്നെ എനിക്കുണ്ടായിരുന്ന മുൻവിധികൾ എല്ലാം തന്നെ മാറ്റിമറിക്കപ്പെട്ടു.
ആദ്യ സെഷനിലെ പങ്കാളിത്തവും പ്രതികരണവും തന്നെ എന്നെ അതിശയിപ്പിച്ചു. ശേഷം നടന്ന സെഷനുകൾ കൂടുതൽ ആവേശത്തോടെയും ഊർജ്ജത്തോടെയും ചെയ്യുവാൻ അത് സഹായിച്ചു. “ഈ ട്രെയിനിങ് കൊണ്ട് അവർക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല” എന്ന് കുറച്ചുപേർ എന്നോട് പറയുകയുണ്ടായി. എന്നാൽ അങ്ങനെയല്ല. അവിടെയുള്ളവർ എല്ലാം കൊടും കുറ്റവാളികളാണ് എന്നും അവരിൽ മാറ്റം ഉണ്ടാക്കാൻ കഴിയില്ല എന്നും ഉള്ള തെറ്റായ ധാരണയുടെ മുകളിൽ നിന്നുമാണ് അത്തരത്തിലുള്ള അഭിപ്രായങ്ങൾ ഉടലെടുക്കുന്നത്. ഒരു നിമിഷത്തെ ദേഷ്യമോ, ആവേശമോ, പകയോ ഒക്കെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടവർ ആണ് അവിടെയുള്ളവരിൽ കൂടുതലും. ആ ഒരു നിമിഷം കൈകാര്യം ചെയ്യാൻ കഴിയാതെ പോയി എന്നതാണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്. ഇത്തരം സംഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകാം. അത്തരം സാഹചര്യങ്ങൾ മിതത്വത്തോടെ പെരുമാറാൻ കഴിയുന്നവർ ആണ് ജീവിതത്തിൽ വിജയിക്കുന്നതും. ചെയ്തുപോയ തെറ്റുകൾ മറന്ന് നല്ലൊരു ജീവിതം തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേര് ഉണ്ട് അതിനുള്ളിൽ. പുറത്തിറങ്ങുമ്പോൾ അവർ നേരിടേണ്ടിവരാൻ സാധ്യതയുള്ള പരിഹാസങ്ങൾ, കുറ്റപ്പെടുത്തലുകൾ, ഒറ്റപ്പെടുത്തലുകൾ, ശാസന എന്നിവയെ മറ്റൊരു തെറ്റിലേക്ക് നയിക്കാതെ നല്ല തീരുമാനങ്ങൾ എടുക്കാനും നല്ല ജീവിതം നയിക്കാനും പ്രാപ്തരാക്കുക എന്നത് വളരെ പ്രധാനപ്പെട്ട എന്നാൽ അത്രയ്ക്ക് എളുപ്പമല്ലാത്ത പണിയാണ്.
അവരുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഒരു പരിവർത്തനത്തിന് അവരെ വിധേയമാക്കുക എന്ന നമുക്ക് മുന്നിൽ വെച്ച ലക്ഷ്യം നന്നായി നടപ്പിലാക്കാൻ NaITER കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും സാധിച്ചു. 13 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിന്റെ ഒടുവിൽ അവരിൽ നിന്നും ലഭിച്ച പ്രതികരണം ആ മാറ്റം എടുത്തുകാട്ടുകയുണ്ടായി. ഇവരിലുണ്ടായ മാറ്റാതെ സ്വീകരിക്കാൻ സമൂഹവും കുടുംബവും എത്രത്തോളം തയ്യാറാകും എന്നത് ഒരു വലിയ ചോദ്യമായി മുന്നിൽ നിൽക്കെ തന്നെ ഒരു നല്ല സാമൂഹ്യ ജീവിയായി മാറാൻ അവർക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ട്രെയിനർ എന്ന നിലയിൽ ഒരുപാട് സംതൃപ്‌തി നൽകിയ ഒരു ട്രെയിനിങ് പ്രോഗാം ആയി പ്രബോധ 22 കുറിക്കപ്പെട്ടു.