ഷോഡശക്രിയകളിൽപ്പെടുന്ന ഏഴാമത്തെ ക്രിയ ആണ് അന്നപ്രാശനം, ചോറൂണ് എന്നും ഇതിന് പറയാറുണ്ട്. ശിശു ആദ്യമായി അരി ഭക്ഷണം കഴിച്ചു തുടങ്ങുന്നത് അന്നു മുതലാണ്. അതുവരെ അമ്മയുടെ പാൽ മാത്രം കഴിക്കുന്ന കുട്ടിക്ക് അന്നു മുതൽ എല്ലാ ഭക്ഷണവും കൊടുത്തുതുടങ്ങുന്നു. ആറാമത്തെ മാസത്തിലോ എട്ടാമത്തെ മാസത്തിലോ ഈ ക്രിയ ചെയ്യാവുന്നതാണ്. (ഏഴാം മാസം നിഷേധിച്ചു കാണുന്നു.) ഷോഡശക്രിയകളിൽ ഇന്ന് പ്രസക്തി നഷ്ടപ്പെട്ടില്ല്ലാത്ത ക്രിയ എന്ന നിലക്കും ഇതു പ്രധാന മാണ്. (ജാതകർമ്മം, നാമകരണം പോലുള്ള പല ക്രിയകളും ചെയ്യാതെയും, ചിലപ്പോൾ ക്രിയാമാത്രമായും പലപ്പോഴും കാലം-സമയം തെറ്റിച്ചും ഒക്കെ ചെയ്യുമ്പോൾ അന്നപ്രാശനം മിക്കവാറും കേമമായിത്തന്നെ നടത്തിക്കാണുന്നു).
കുഞ്ഞിനു ആദ്യമായി അന്നം (ചോർ) നൽകുന്ന ചടങ്ങാണിത്. അന്നം ദഹിപ്പിക്കുവനുള്ള ശക്തി കുഞ്ഞിനു ഉണ്ടാകുമ്പോൾ ആറാം മാസത്തിൽ ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കുന്നു. പാകം ചെയ്ത ചോറിൽ അല്പം നെയ്യ്, തേൻ, തൈര് എന്നിവ ചേർക്കണം. ശിശുവിന്റെ തുലാഭാരം നടത്തി തുല്യതൂക്കത്തിലുള്ള അന്നം ദാനം ചെയ്യുന്ന പതിവുമുണ്ട്.
കുഞ്ഞിന് ആദ്യമായി ചോറുകൊടുക്കുന്ന ഹൈന്ദവാചാരമാണ് ചോറൂണ്. ഈ ചടങ്ങ് വീട്ടിലോ ക്ഷേത്രത്തിലോ വച്ച് നടത്തപ്പെടുന്നു. അന്നപ്രാശം, കുഞ്ഞൂണ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ജനനത്തിനു ശേഷം 149 ദിവസങ്ങൾ കഴിഞ്ഞു വരുന്ന 32 ദിവസങ്ങൾക്കിടയിലെ ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടത്തുന്നത്. ഈ 32 ദിവസങ്ങൾക്കു ശേഷമുള്ള 30 ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ പിന്നീടുള്ള ഏതു മുഹൂർത്തത്തിലും ചോറൂണ് നടത്താവുന്നതാണ്.
ചടങ്ങു നടത്തുവാനുള്ള കുഞ്ഞിനെ കുളിപ്പിച്ച ശേഷം നേര്യതുടുപ്പിക്കുന്നു. തുടർന്ന് കത്തിച്ചുവച്ച നിലവിളക്കിനു മുമ്പിലായി മുത്തച്ഛന്റെയോ, അച്ഛന്റെയോ, അമ്മാവന്റെയോ മടിയിൽ കുഞ്ഞിനെ ഇരുത്തുന്നു. ഈ നിലവിളക്കിനു മുമ്പിലായി തൂശനിലയിട്ട് ചോറൂ വിളമ്പുന്നു. കുഞ്ഞിനു ചോറു നൽകുന്നയാൾ ഉപ്പ്, മുളക്, പുളി എന്നിവ ചേർത്ത് അൽപമെടുത്ത് കുട്ടിയുടെ നാവിൽ പുരട്ടുന്നു. തുടർന്ന് ചോറിൽ രണ്ടോ മൂന്നോ വറ്റെടുത്ത് കുട്ടിക്ക് നൽകുന്നു. അവസാനമായി മധുരവും (പഞ്ചസാര) നൽകും. ക്ഷേത്രത്തിലാണ് ചടങ്ങ് നടത്തുന്നതെങ്കിൽ നിവേദിച്ച ചോറോ പായസമോ ആണ് ഉപയോഗിക്കുന്നത്. ചില ദേശങ്ങളിൽ ചടങ്ങിനകമ്പടിയായി നാദസ്വരമേളം നടത്താറുണ്ട്. ബന്ധുക്കൾ ഈ അവസരത്തിൽ കുട്ടിക്കായി ആഭരണങ്ങളും മറ്റും നൽകാറുമുണ്ട്.