പുംസവനം, സീമന്തം എന്നിവയ്ക്ക് പുറമെ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. ഗര്‍ഭധാരണം മുതല്‍ പരേതക്രിയവരെയുള്ള പതിനാറ് സംസ്‌കാരക്രിയകള്‍. ഗര്‍ഭധാനം, പൂസവനം, സീമന്തം, വിഷ്ണുബലി, ജാതകര്‍മം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാരംഭം, ഗോദാനം, വിവാഹം, ആധാനം എന്നിവ. ബ്രഹ്മണര്‍ ഇവ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ ചില ക്രിയകള്‍ ഒഴിവാക്കും.
അതില്‍പ്രധാനപ്പെട്ട ഒന്നാണ് വിഷ്ണുബലി. സാധാരണഗതിയില്‍ യജുര്‍വേദികളാണ് ഈ കര്‍മ്മം അനുഷ്ഠിക്കുന്നത്.
ആദ്യ ഗര്‍ഭത്തിനാണ് വിഷ്ണുബലി നടത്തേണ്ടത്. എട്ടാം മാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിഷ്ണുബലി നടത്തേണ്ടത്. രോഹിണി, തിരുവോണം എന്നീ നാളുകളും ദ്വാദശി, സപ്തമി എന്നീ തിഥികളും വിഷ്ണുബലിക്ക് ഉത്തമമാണ്. ഗര്‍ഭിണിയുടെ കര്‍ത്തൃദോഷങ്ങളും നിത്യദോഷങ്ങളും കഴിയുന്നത്ര വര്‍ജ്ജ്യമാക്കാന്‍ സാധിക്കുന്ന രോഹിണി, തിരുവോണം എന്നീ നാളുകള്‍ ലഭിച്ചില്ല എങ്കിലാണ് ദ്വാദശിക്കോ സപ്തമിക്കോ വിഷ്ണുബലി നടത്തേണ്ടത്. രാത്രി നേരം ഈ കര്‍മ്മത്തിനു വര്‍ജ്ജ്യമാണ്.
യജുർവേദികൾ പുംസവനവും സീമന്തവും കഴിഞ്ഞാല്‍ പ്രസവത്തിനു മുന്‍പ് വിഷ്ണുബലി ചെയ്യാതെ വന്നാല്‍ പ്രസവാനന്തരം പുരുഷപ്രജയാണെങ്കില്‍ പതിനൊന്നാം ദിവസം പുണ്യാഹാനന്തരം വിഷ്ണുബലി നടത്തേണ്ടതാണ്.