നാം മനുഷ്യർക്ക് എല്ലാവർക്കും രണ്ടു തരത്തിലുള്ള സ്വഭാവങ്ങൾ കണ്ടുവരാറുണ്ട്. പൊതുസമൂഹത്തിനിടയിൽ നാം കാണിക്കുന്ന സ്വഭാവവും നമ്മളെ നിരീക്ഷിക്കാൻ മറ്റാരും ഇല്ലാത്ത അവസരങ്ങളിൽ നാം ചെയ്യുന്ന പ്രവർത്തനങ്ങളും പലപ്പോഴും വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. ഒരു പാർട്ടിയിൽ വെച്ചോ, ഒട്ടനവധി വ്യക്തികൾ കൂടെയുള്ള ഒരു സ്ഥലത്തോ, മറ്റൊരാളുടെ വീട്ടിൽ പോകുമ്പോഴോ നാം ആഹാരം കഴിക്കുന്ന രീതി അല്ല നമ്മൾ സ്വന്തം വീട്ടിൽ വെച്ചോ, മറ്റാരും നിരീക്ഷിക്കാൻ ഇല്ലാത്തപ്പോഴോ സ്വീകരിക്കുക. പൊതുസമൂഹത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ആയിരിക്കില്ല പലപ്പോഴും നാം വീടിനുള്ളിൽ ഉപയോഗിക്കുക. പൊതു സമൂഹത്തിൽ പലപ്പോഴും നല്ല രീതിയിൽ പെരുമാറുകയും എന്നാൽ നിരീക്ഷിക്കാൻ ആരുമില്ലാത്ത അവസരത്തിലും ഒറ്റയ്ക്കിരിക്കുമ്പോഴും മോശമായ ചിന്തകളിലും പ്രവർത്തനങ്ങളിലും ചെന്നുപെടുന്നവരും ഉണ്ട്.
ഇതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ യഥാർത്ഥ സ്വഭാവസവിശേഷതയും നാം അണിയുന്ന മുഖംമൂടിയും തമ്മിലുള്ള വ്യത്യാസമാണ്. ഇത് എത്രത്തോളം അകന്നിരിക്കുന്നോ അത്രത്തോളം ഇതിനെ നാം പേടിക്കേണ്ടിയിരിക്കുന്നു. ഇത്തരം വിഭിന്ന സ്വഭാവങ്ങൾ നാം നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അവിടെയാണ് ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യവും.
പലരും അവർക്ക് രണ്ട് രീതിയിലുള്ള മുഖം ഇല്ല എന്ന് സമർദ്ധിക്കുവാൻ പരിശ്രമിക്കാറുണ്ട്. എങ്കിലും ഒരു ചെറിയ ശതമാനം പേരിൽ മാത്രമാണ് അങ്ങനെ ഇല്ല എന്ന് കണ്ടെത്താൻ സാധിക്കുക. ആത്മനിയന്ത്രണം ഉള്ള വ്യക്തികളിൽ ഇത്തരത്തിലുള്ള രണ്ട് വ്യത്യസ്തമായ മുഖങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമില്ല. അല്ലെങ്കിൽ അവ തമ്മിലുള്ള അകൽച്ച വളരെ ചെറുതായിരിക്കും. എങ്കിലും സാധാരണക്കാരായ വ്യക്തികളിൽ വലിയ വ്യത്യാസം കാണുവാൻ സാധിക്കും. ആ വ്യത്യാസം നാം കുറക്കേണ്ടതാണ്. സമൂഹത്തിൽ ഇടപഴകുമ്പോൾ എന്നത് പോലെ ഒറ്റയ്ക്കിരിക്കുമ്പോഴും നല്ല ചിന്തകളും നല്ല പ്രവർത്തനങ്ങളും കാഴ്ചവയ്ക്കുവാൻ നമുക്ക് സാധിച്ചു കഴിഞ്ഞാൽ വിജയം നമ്മളെ മാടിവിളിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
ഇന്ന് കാണുന്ന പല അക്രമങ്ങൾക്കും കാരണം ഇത്തരത്തിൽ ആത്മനിയന്ത്രണം ഇല്ലായ്മയും, പൊയ്‌മുഖങ്ങളുമാണ്. പുറമേ നല്ലവനായി ചമഞ്ഞു നടക്കുന്ന, മാന്യന്മാരായി തോന്നുന്ന പലരിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടാകുന്നതിന് കാരണം അവർ പുറത്തു കാണിക്കുന്ന സ്വഭാവവും അവരുടെ ഉള്ളിനുള്ളിൽ ഉള്ള ചിന്തകളിലും ഉള്ള വ്യത്യാസമാകാം. മോശമായ ചിന്തകളും പ്രവർത്തനങ്ങളും ഒരു അവസരം വരുമ്പോൾ പുറത്തേക്ക് വരികയും അത്തരം അവസരങ്ങൾ മോശമായ പ്രവർത്തിയിലേക്ക് വഴിയൊരുക്കുകയും ചെയ്യപ്പെട്ടേക്കാം. അതുകൊണ്ടാണ് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്ന് പോലും പലപ്പോഴും (സന്ദർഭം അനുയോജ്യമായി വരുമ്പോൾ) മോശമായ പ്രതികരണം ഉണ്ടാകുന്നത്.
വളരെ നല്ല സ്വഭാവസവിശേഷതകളുള്ള, വളരെ മാന്യമായി പെരുമാറാൻ അറിയുന്ന, സമൂഹത്തിൽ വളരെ അധികം സ്വാധീനമുള്ള, സമൂഹത്തിൽ നല്ല പേരും നിലനിർത്തിപ്പോരുന്ന പലരും പല കുറ്റകൃത്യങ്ങളിൽ ചെന്നുപെട്ടു എന്ന് കേൾക്കുമ്പോൾ നമ്മൾ അതിശയിച്ചിരിക്കാറുണ്ട്. അവയ്ക്ക് പ്രധാനപ്പെട്ട കാരണം അവരുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന മോശം ചിന്തകളും പ്രവർത്തനങ്ങളും പുറത്തേക്കുവരുന്നത് തന്നെയാണ്. അതുകൊണ്ടാണ് അവ തമ്മിലുള്ള വ്യത്യാസം അല്ലെങ്കിൽ ദൂരം കുറയ്ക്കണം എന്ന് പറയുന്നതും.
നമ്മൾ വാഹനമോടിക്കുമ്പോൾ മുന്നിൽ ചുവപ്പ് വെളിച്ചമാണ് കത്തിയിരിക്കുന്നത് എങ്കിൽ നമ്മൾ ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനം നിർത്തുകയോ, പാലിക്കാതെ നിർത്താതെ പോവുകയോ ചെയ്യാം. പക്ഷേ നമ്മളെ നിരീക്ഷിക്കുവാൻ വേണ്ടി ആൾക്കാരുണ്ട് എന്നും, ഇവിടെ ക്യാമറ ഉണ്ട് എന്നും, അവിടെ പോലീസ് ഉണ്ട് എന്നും തിരിച്ചറിഞ്ഞാൽ നാം നിർത്തിയേക്കാം. എന്നാൽ രാത്രി 12 മണിക്ക് ആണ് ഈ സംഭവം നടക്കുന്നത് എങ്കിൽ. നമ്മളെ നിരീക്ഷിക്കാൻ ആരും ഇല്ല എങ്കിൽ, അവിടെ ക്യാമറ ഇല്ല എങ്കിൽ, അവിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇല്ലായെങ്കിൽ പച്ചക്ക് വേണ്ടി കാത്തു നിൽക്കാതെ മുന്നോട്ട് കുതിക്കുവാൻ നമ്മൾ തായ്യാറായേക്കാം. ഇവിടെയാണ് ആത്മനിയന്ത്രണത്തിന്റെ ആവശ്യകത വരുന്നത്. ആത്മനിയന്ത്രണം ഉള്ള ഒരു മനുഷ്യനാണ് എങ്കിൽ തീർച്ചയായും ചുവപ്പു മാറി പച്ച കത്തുന്നത് വരെ തന്നെ നിയന്ത്രിച്ച് അവിടെ നിൽക്കാൻ അദ്ദേഹത്തിന് കഴിയും. ആത്മനിയന്ത്രണം എന്നത് ശാരീരിക വ്യായാമം പോലെ തന്നെ നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കേണ്ടതുണ്ട്.
ഒരു മനുഷ്യൻ കഠിനപ്രയത്നത്തിലൂടെയും തുടർച്ചയായ പ്രവർത്തനത്തിലൂടെയും എപ്രകാരമാണോ ശാരീരികക്ഷമത നിലനിർത്തി പോകുന്നത്. അത്തരത്തിൽ തുടർച്ചയായ കഠിനപ്രയത്നത്തിലൂടെ മാനസിക നിയന്ത്രണവും മാനസിക ആരോഗ്യവും നിലനിർത്താൻ നമുക്ക് സാധിക്കും. ആത്മ നിയന്ത്രണത്തിന് സഹായിക്കുന്ന…. പ്രലോഭനങ്ങളിൽ വീണു പോകാതെ ഇരിക്കാൻ നമ്മളെ സഹായിക്കുന്ന ഒരു പ്രവർത്തനമാണ് ഇന്ന് നമ്മൾ ചെയ്യുന്നത്.
നമ്മുടെ ജീവിതത്തിൽ നാം ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പറ്റാതാത്ത കാര്യങ്ങളും കൃത്യമായി എഴുതി വയ്ക്കുക.
ഉദാഹരണത്തിന്…
“എൻറെ രക്ഷിതാക്കളെ ഞാൻ നന്നായി നോക്കും…”
“എൻറെ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും നിലനിർത്തും”
“മറ്റുള്ളവരോടുള്ള പെരുമാറ്റം നല്ല രീതിയിൽ ആകുവാൻ ഞാൻ പരിശ്രമിക്കും”
തുടങ്ങിയത് ഞാൻ ചെയ്യേണ്ടത് എന്ന കാര്യത്തിൽ എനിക്ക് ഉൾപ്പെടുത്താവുന്നതാണ്. അതേപോലെ ചെയ്യാൻ പാടില്ലാത്ത കാര്യത്തിൽ
“ലഹരിവസ്തുക്കൾ ഉപയോഗിക്കില്ല”
“എത്ര പ്രലോഭനങ്ങൾ ഉണ്ടായി കഴിഞ്ഞാലും 60 കിലോമീറ്റർ വേഗത്തിൽ കൂടുതൽ ഞാൻ വാഹനമോടിക്കില്ല”
“എന്നെ നിരീക്ഷിക്കാൻ ആരുമില്ലെങ്കിൽ കൂടി തെറ്റായ ചിന്തകളിലും പ്രവർത്തനങ്ങളിലും ഞാൻ ചെന്നുപെടില്ല”
തുടങ്ങിയ കാര്യങ്ങൾ ഞാൻ ചെയ്യാൻ പാടില്ലാത്തതും ആയി നമുക്ക് എഴുതി ചേർക്കാവുന്നതാണ്. ഇത്തരത്തിൽ എഴുതി കഴിഞ്ഞാൽ നമ്മുടെ ചിന്തകളെ നമുക്ക് മാറ്റിയെടുക്കുവാൻ കഴിയും. നമ്മൾ എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്ന കൃത്യമായ ചിത്രം വരച്ചുകാട്ടുകയാണ് ഈ പ്രവർത്തനത്തിലൂടെ. നമ്മൾ ചെയ്യാൻ പാടില്ല എന്നു പറഞ്ഞ കാര്യങ്ങൾ പ്രലോഭനങ്ങളിലൂടെ നമുക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ അതിനെ എങ്ങനെ നേരിടാൻ സാധിക്കും എന്നത് കൂടി നമുക്ക് ഇതിന്റെ കൂട്ടത്തിൽ എഴുതി ചേർക്കാവുന്നതാണ്.
ഉദാഹരണത്തിന്… ഞാൻ ബേക്കറി ഉൽപ്പന്നങ്ങളും മധുരപലഹാരങ്ങളും കഴിക്കില്ല എന്ന് എഴുതി വെച്ചു കഴിഞ്ഞാൽ. അത് കഴിക്കുന്നതിന് എൻറെ കുടുംബത്തിലുള്ള മറ്റൊരാളോ എൻറെ ഉറ്റ സുഹൃത്തുക്കളോ നിർബന്ധിച്ചു കഴിഞ്ഞാൽ. ആ പ്രലോഭനത്തെ എങ്ങനെ ഞാൻ ചെറുക്കണം ?? എന്തായിരിക്കണം ഞാൻ അതിനു മറുപടി കൊടുക്കേണ്ടത് ?? ഇതുകൂടി എഴുതി വെക്കുന്നത് നന്നായിരിക്കും.
അതുപോലെ, ജീവിതത്തിൽ നമുക്ക് സ്വന്തമായി ഒരു നിയമം ഉണ്ടാക്കുന്നത് വളരെയധികം നല്ലതാണ്. എനിക്ക് എന്റേതായ നിയമങ്ങൾ രചിക്കുമ്പോൾ അത് കൃത്യമായി പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണ്. അത്തരം നിയമങ്ങൾ പൊതുസമൂഹത്തിന്റെ നിയമങ്ങളുമായി കൂട്ടിയിടിക്കില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. ഉദാഹരണത്തിന്… ഒരു ഹൈവേയിലൂടെ സഞ്ചരിക്കേണ്ട വേഗത 80 കിലോമീറ്റർ ആണ് എന്ന് വിചാരിക്കുക. പൊതു നിയമമാണ് 80 കിലോമീറ്റർ വേഗത്തിൽ കൂടുതൽ ഈ റോഡിലൂടെ സഞ്ചരിക്കാൻ പാടില്ല എന്നത്. “ഞാൻ 60 കിലോ മീറ്ററിൽ കൂടുതൽ പോകില്ല” എന്നതാണ് എന്റെ നിയമം എന്ന് കരുതുക. അത് പൊതു സമൂഹത്തിൻറെ നിയമം ആയിട്ട് സംഘർഷം വരുന്നില്ല. എന്നാൽ മറിച്ച് “ഞാൻ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും” എന്നതാണ് എന്റെ നിയമം എങ്കിൽ സമൂഹത്തിൻറെ നിയമങ്ങളുമായി അവിടെ സംഘർഷം ഉണ്ടാകുകയാണ്. അത്തരത്തിൽ പൊതു സമൂഹത്തിൻറെ നിയമങ്ങളുമായി സംഘർഷം വരാത്ത രീതിയിലുള്ള നിയമങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കിയെടുത്തു കൊണ്ട് നമ്മളെ സ്വയം നിയന്ത്രിക്കുവാൻ നമുക്ക് കഴിയും. ഇത്തരത്തിൽ തയ്യാറാക്കുന്ന നിയമങ്ങൾ ട്രാഫിക്കിന്റെ കാര്യത്തിൽ മാത്രമല്ല. ഉറക്കം എണീക്കുന്ന കാര്യത്തിൽ, ആഹാരത്തിന്റെ കാര്യത്തിൽ, വ്യായാമത്തിന്റെ കാര്യത്തിൽ, പഠനത്തിന്റെ കാര്യത്തിൽ, വായനയുടെ കാര്യത്തിൽ, ചിലവ് ചുരുക്കുന്ന കാര്യത്തിൽ, അനാവശ്യ ചിലവുകൾ ഒഴിവാക്കുന്ന കാര്യത്തിൽ അങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത്തരം ആത്മനിയന്ത്രണം കൊണ്ടുവരേണ്ടതാണ്.