ഒരിക്കൽ നമ്മുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാം കുട്ടികളുമായി സംവദിക്കുകയായിരുന്നു. അവിടെവെച്ച് ഒരു മിടുക്കനായ സ്കൂൾ വിദ്യാർഥി അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു.
അതിലൊന്ന്, “രാജ്യത്തിൻറെ ശക്തി എന്താണ് ?” എന്നതും
രണ്ടാം ഭാഗം “നമ്മുടെ രാജ്യത്തിൻറെ ദൗർബല്യം എന്താണ് ?” എന്നതുമായിരുന്നു.
ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം തൻറെ മുന്നിൽ കൂടി നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളെ ചൂണ്ടി പറഞ്ഞു “നിങ്ങൾ യുവതലമുറ, വിദ്യാർത്ഥികൾ…. നിങ്ങൾ തന്നെയാണ് ഈ രാജ്യത്തിന്റെ ശക്തി”. രാജ്യത്തിൻറെ 60 ശതമാനത്തിലധികം വിദ്യാർഥികൾ അടങ്ങിയ യുവതലമുറ ആണ്. അതുകൊണ്ടുതന്നെ രാജ്യത്തിൻറെ ശക്തി ഒട്ടനവധി കാര്യങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്യുവാൻ സാധിക്കുന്ന യുവതലമുറ തന്നെയാണ്.
എന്നാൽ രണ്ടാമത്തെ ഭാഗത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത് “രാജ്യത്തിൻറെ ദൗർബല്യം കൃത്യമായ ലക്ഷ്യബോധമില്ലാത്ത യുവതലമുറയാണ്” എന്ന് അദ്ദേഹം പറഞ്ഞു നിർത്തുന്നു.
നമ്മുടെ യുവാക്കളിൽ ഒരു വലിയ ശതമാനം മയക്കുമരുന്നിനും ലഹരിവസ്തുക്കൾക്കും അടിമയായി ആരായിത്തീരണം എന്തായി തീരണം എന്ന് കൃത്യമായ ലക്ഷ്യബോധമില്ലാതെ എന്തിനോ വേണ്ടി ഈ ഭൂമിയിൽ ജീവിക്കുന്നവരാണ്. ഒരു ദിനം ഭൂമിയിൽ ജനിച്ചു വീണു… എന്നെങ്കിലും ഒരുനാൾ ഈ ഭൂമിയിൽ നിന്ന് നാം ഇല്ലാതെയാവും… അതിനിടയിലുള്ള ജീവിതം നമുക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും എന്തു തരത്തിലുള്ള നന്മയാണ് പകർന്നു നൽകാൻ കഴിയുക എന്ന ചിന്ത, കൃത്യമായ ലക്ഷ്യബോധം എന്നിവ നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്.
വിദ്യാർത്ഥികളായ നിങ്ങൾ ആ ലക്ഷ്യ ബോധത്തിലേക്ക് എത്തണം. ലക്ഷ്യബോധം എന്താകണം എന്ന് നിങ്ങൾ നിശ്ചയിക്കേണ്ടതിന് ഏറ്റവും അനുയോജ്യമായ സമയം വിദ്യാർഥികൾ ആയിരിക്കുന്ന ഈ കാലഘട്ടത്തിലാണ്.വിദ്യാർത്ഥികളായിരിക്കെ കൃത്യമായ ഒരു ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരു വ്യക്തിക്ക് തീർച്ചയായിട്ടും വിജയം കൈവരിക്കുന്നതിന് സാധിക്കും.
പല ക്ലാസ്സുകളിലും കുട്ടികളിലെ ലക്ഷ്യബോധം തിരിച്ചറിയുന്നതിനായി ഞാൻ ചോദിക്കാറുള്ള ചോദ്യമാണ് “നിങ്ങൾക്ക് ആരായിത്തീരണം ?” എന്നത്.
“ആരാകാനാണ്…??”
“എങ്ങനെയുള്ള വ്യക്തിത്വം ആവാനാണ്…??”
“ഏതുതരത്തിലുള്ള വ്യക്തി ആവാനാണ്…??”
“എന്ത് തരത്തിലുള്ള ജോലി ചെയ്യാനാണ് നിങ്ങൾക്ക് ആഗ്രഹം…??”
ഈ ചോദ്യങ്ങൾ ഞാൻ ഒട്ടനവധി വിദ്യാർഥികളോട് ചോദിച്ചിട്ടുണ്ട്. അതിൽ ബഹുഭൂരിപക്ഷം പേരും “കൃത്യമായ ലക്ഷ്യബോധം ഒന്നും തന്നെ ഇല്ല” എന്ന മറുപടിയാണ് നൽകിയിട്ടുള്ളത്. എന്നാൽ “ഡോക്ടർ ആകണമെന്നും… പോലീസ് എന്നും… പട്ടാളക്കാരൻ ആകണം എന്നും… ശാസ്ത്രജ്ഞൻ ആകണം എന്നും… അധ്യാപകൻ ആകണം എന്നും…” ഒക്കെ മറുപടി നൽകിയിട്ടുള്ള വിദ്യാർത്ഥികളും ഉണ്ട്.
ഇവരോട് തന്നെ അതിനു മറുചോദ്യം ആയി
“ഏതുതരത്തിലുള്ള അദ്ധ്യാപകൻ…?”
“എങ്ങനെയുള്ള ഡോക്ടർ..?”
“എങ്ങനെയുള്ള ശാസ്ത്രജ്ഞൻ..?”
“എന്ത് തരത്തിലുള്ള പട്ടാളക്കാരൻ..?”
“പോലീസ് ആയാൽ എന്താണ് നിങ്ങൾ ചെയ്യേണ്ടത്..?”
“എന്താണ് സമൂഹത്തിനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്നത്…?”
“ലക്ഷ്യത്തിൽ എത്താൻ എന്താണ് പഠിക്കേണ്ടത്..?”
“ഏതു വഴിയിലേക്കാണ് നിങ്ങൾ സഞ്ചരിക്കേണ്ടത്…?” അടക്കമുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ പലരും ഉത്തരം പറയാതെ മൗനം പാലിക്കുകയാണ് ചെയ്യാറ്. ഒരു ഉത്തരം നൽകണം എന്നതിനാൽ മാത്രം നൽകിയ ഉത്തരങ്ങളായി അവയിൽ പലതും എനിക്ക് തോന്നാറുണ്ട്. അല്ലെങ്കിൽ അവർ പറഞ്ഞ ആ ഒരു ആഗ്രഹം അല്ലെങ്കിൽ സ്വപ്നം ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം പറഞ്ഞതുപോലെ അവരെ ഉറങ്ങാതെ മുന്നോട്ടു നയിക്കുന്ന ഒന്ന് അല്ലാത്തത് കൊണ്ടായിരിക്കാം.
അത്തരത്തിൽ നമ്മുടെ ഉള്ളിൽ നിന്നും അത്രയ്ക്ക് ആഗ്രഹത്തോടുകൂടി പുറത്തുവന്ന ഒരു ലക്ഷ്യമാണ് നമ്മുടെ മുന്നിൽ ഉണ്ടായിരുന്നത് എങ്കിൽ അതിന് ചുറ്റുമുള്ള മറ്റു ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ അവർക്ക് സാധിച്ചേനേ.
ഞാൻ ഏതു രീതിയിൽ പോയി കഴിഞ്ഞാൽ ആണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുക ?
അതിനുവേണ്ടി ഞാൻ എന്തൊക്കെ പരിശീലനം നേടണം ?
എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം ?
ലക്ഷ്യത്തിനു വേണ്ടി എന്തൊക്കെ മാറ്റങ്ങൾ തന്നിൽ ഉണ്ടാക്കി എടുക്കണം ?
ലക്ഷ്യസ്ഥാനത്തെത്തി കഴിഞ്ഞാൽ ഞാൻ ഏതു രീതിയിൽ പ്രവർത്തിക്കണം ?
അത് എനിക്കും കുടുംബത്തിനും സമൂഹത്തിനും എന്ത് നന്മയാണ് ഉണ്ടാക്കുക ?
എന്നതടക്കമുള്ള ചിന്തകളിലേക്ക് പോയെങ്കിൽ മാത്രമേ കൃത്യമായ ലക്ഷ്യബോധമാണ് അത് എന്ന് പറയുവാൻ നമുക്ക് സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ ആരെങ്കിലും ചോദിച്ചു എന്നതുകൊണ്ടോ… ഉത്തരം പറയണമല്ലോ എന്ന ചിന്ത കൊണ്ടോ… പറയുന്നത് ആയിരിക്കരുത് നിങ്ങടെ ലക്ഷ്യങ്ങൾ. ഇതുവരെ കൃത്യമായ ഒരു ലക്ഷ്യബോധം കണ്ടെത്താൻ സാധിക്കാത്തവരോ അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാത്തവരോ ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളോട് തന്നെ ചോദിയ്ക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ട്.
മൂന്നു ഘട്ടങ്ങളായി വേണം നമ്മുടെ ലക്ഷ്യത്തെ മുന്നിൽ കാണുവാൻ
ഹ്രസ്വകാലം, മധ്യകാലം, ദീർഘകാലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നമ്മൾ ചിന്തിക്കണം. നമ്മുടെ ബാഹ്യ രൂപത്തെ കുറിച്ച് ചിന്തിക്കാം, നമ്മുടെ വിദ്യാഭ്യാസത്തെപ്പറ്റിയും, ഉപരിപഠനത്തെപ്പറ്റിയും ചിന്തിക്കാം, ജോലിയെപ്പറ്റി ചിന്തിക്കാം, സാമ്പത്തിക ഭദ്രതയെപ്പറ്റി ചിന്തിക്കാം, കുടുംബത്തെപ്പറ്റി ചിന്തിക്കാം..
ഒരു വർഷം കഴിയുമ്പോൾ എന്തു രൂപത്തിലായിരിക്കും നമ്മുടെ ലക്ഷ്യങ്ങൾ..? രണ്ടുവർഷം കഴിയുമ്പോൾ എങ്ങനെ…?? ഒരു അഞ്ചുവർഷം കഴിയുമ്പോൾ എങ്ങനെയായിരിക്കണം…?? ഒരു പത്ത് വർഷം കഴിയുമ്പോൾ എങ്ങനെ ആയിരിക്കണം… ? എന്നുള്ള രീതിയിലുള്ള ചിന്ത നമുക്കുണ്ടായിരിക്കണം.
ഒരുദാഹരണത്തിന്… എൻറെ പേര് കേൾക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിലേക്ക് വരുന്ന എൻറെ രൂപം ഏതു തരത്തിലായിരിക്കണം ?
ഒരു ജുബ്ബ ധരിച്ച മനുഷ്യൻ, താടിയും മുടിയും നീട്ടി വളർത്തിയ മനുഷ്യൻ… അങ്ങനെയുള്ള ഒരു രൂപമാണ് അഞ്ചുവർഷത്തിനുശേഷം എനിക്ക് ഉണ്ടാകേണ്ടത് എന്ന് ഞാൻ ചിന്തിക്കുകയാണ് എങ്കിൽ. ആ രൂപത്തിലേക്ക് എത്തിച്ചേരുവാൻ വേണ്ടി ഞാൻ പരിശ്രമിക്കണം.
ഇതുപോലെ മുമ്പ് പരാമർശിച്ച പല വിഭാഗത്തെക്കുറിച്ചും ചിന്തിച്ച് മൂന്ന് ഘട്ടങ്ങളിലായി നാം എവിടെ വരെ എത്തണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കണം. അവ കുറിച്ച് വെക്കുന്നത് നല്ലതാണ്. ആ പാതയിൽ നിന്നും മനസ്സ് വ്യതിചലിക്കാതിരിക്കാൻ അത് എഴുതി വെക്കുകയും ഇടയ്ക്കിടയ്ക്ക് വായിച്ചു നോക്കുന്നതും നല്ലതാണ്. ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടി ഉള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് വിവരിച്ച എഴുതുകയും അതിലേക്ക് പടിപടിയായി എത്തുന്നതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുക.
കൃത്യമായ ലക്ഷ്യബോധം ഉള്ള… അതിനുവേണ്ടി നിരന്തരം പ്രയത്നിച്ച് വിജയം കൈവരിക്കുന്ന ഒരു സമൂഹം ഉടലെടുക്കട്ടെ. വെളിച്ചം പരക്കട്ടെ…
ലക്ഷ്യബോധം വളർത്തിയെടുക്കുക എനിക്ക് വളരെ അതികം മനസിലായി കാരണം എനോട് ഇതുപോലെ ചോദിച്ചു. അപ്പോൾ ഞാൻ മറുപടി പറയാൻ പറ്റില്ലെ. എനിക്ക് ഇപ്പോൾ പറയാൻ പറ്റും ഈ വിഡിയോയിൽ പറഞ്ഞു “ലക്ഷ്യബോധം വളർത്തിയെടുക്കുക”തന്നെ വേണം നല്ല ഒരു ഹെല്പ്ഫുൾ ആയിരുന്നു….. ഒരുപാട് നന്ദി ഉണ്ട്
LikeLike