നിങ്ങളുടെ സുഹൃത്തിനെ കുറിച്ചോ അധ്യാപകരെ കുറിച്ചോ സഹപാഠികളെ കുറിച്ചോ കുടുംബാംഗങ്ങളെ കുറിച്ചോ രക്ഷിതാക്കളെ കുറിച്ചോ ഏതെങ്കിലുമൊരു പ്രശസ്ത വ്യക്തിയെ കുറിച്ചോ നിങ്ങൾക്ക് ചുറ്റും ഉള്ള ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ചോ നിർത്താതെ സംസാരിക്കുവാൻ പറയുകയോ അവരുടെ ശക്തിയും ദൗർബല്യവും എന്താണെന്ന് പറയുവാൻ ആവശ്യപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് അത് ചെയ്യുവാൻ സാധിച്ചു എന്ന് വരാം. എന്നാൽ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചോ സ്വന്തം ശക്തിയെ കുറിച്ചോ സ്വന്തം ദൗർബല്യങ്ങളെ കുറിച്ചോ സംസാരിക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് അത് സാധിച്ചു എന്ന് വരില്ല.
ഒരു വലിയ ശതമാനം ആൾക്കാർക്കും അതിന് കഴിയാറില്ല. പലപ്പോഴും അഭിമുഖ പരീക്ഷകളിൽ പങ്കെടുക്കുമ്പോൾ സെൽഫ് ഇൻട്രൊഡക്ഷൻ എന്ന ചോദ്യം ചോദിച്ചു കേൾക്കാറുണ്ട്. പലരും അതിൽ പരാജയപ്പെടുകയാണ് പതിവ്. നമ്മൾ മറ്റുള്ളവരുടെ ശരിയും തെറ്റുകളും മറ്റുള്ളവരുടെ ശക്തിയും ദൗർബല്യവും ഒക്കെ കണ്ടെത്താൻ ഉപയോഗിക്കുന്ന സമയത്തിന്റെ നൂറിൽ 10 ശതമാനം പോലും സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിയുവാൻ വേണ്ടി എടുക്കുന്നില്ല എന്നതാണ് വാസ്തവം.
ഒരു വിജയിയായ വ്യക്തിക്ക് അയാളെക്കുറിച്ചുള്ള പൂർണ്ണ അറിവ് ഉണ്ടായിരിക്കും. തൻറെ ശക്തിയെക്കുറിച്ചും തൻറെ ദൗർബല്യങ്ങളെ കുറിച്ചുമുള്ള പൂർണമായ അറിവ് ഒരുവനെ വിജയത്തിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ ആത്മാവബോധം ഒരുവനിൽ ഉണ്ടായിരിക്കേണ്ട ഒരു ഘടകമാണ്.
നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒട്ടനവധി ചോദ്യങ്ങളുണ്ട്. അതിലൊന്നാണ് ഇന്ന് നാം ചർച്ച ചെയ്യുന്നത്. നമ്മുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയുന്നതിന് വേണ്ടി ഒരു ചെറിയ പ്രവർത്തനം ഈ വീഡിയോയിൽ തന്നിരിക്കുന്നു. നമ്മുടെ പോസിറ്റീവുകളും നെഗറ്റീവുകളും കണ്ടെത്തിയെഴുതുക എന്നതാണ് ആ പ്രവർത്തനം.
കഴിഞ്ഞ പോസ്റ്റിൽ മാനസിക പ്രശ്നങ്ങളെക്കുറിച്ചും, നമ്മുടെ ചിന്ത എങ്ങനെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും വേർതിരിക്കാം എന്നതിനെ കുറിച്ചുമാണ് നാം ചിന്തിച്ചത്. ഇന്ന് നാം നമ്മുടെ ശക്തി, നമ്മുടെ നല്ല ഗുണങ്ങൾ, പോസിറ്റീവ് ആയിട്ടുള്ള സ്വഭാവ സവിശേഷതകൾ എന്നിവ ഒരുവശത്തും
നമ്മുടെ ദൗർബല്യങ്ങൾ, നമ്മുടെ മോശ വശങ്ങൾ, നെഗറ്റീവ് സ്വഭാവസവിശേഷതകൾ എന്നിവ മറുവശത്തും എഴുതുകയാണ്.
ഇത് മറ്റൊരാളെ കാണിച്ച് പൊങ്ങച്ചം പറയാൻ ഉള്ള ഒരു പ്രവർത്തനം അല്ല. അതുകൊണ്ടുതന്നെ ഇത് മറ്റൊരാളെ കാണിക്കണം എന്നോ എന്നെ കാണിക്കണം എന്നോ യാതൊരു നിർബന്ധവുമില്ല. ഇത് വായിക്കുന്ന അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ കാണുന്ന നിങ്ങൾ ചെയ്യേണ്ടത് നിങ്ങളോട് പൂർണ്ണമായിട്ടും സത്യസന്ധമായി ഇരിക്കുക എന്നുള്ളതാണ്. നിങ്ങളുടെ നല്ല ഗുണങ്ങൾ എന്ന് വിശ്വസിക്കുന്നവ പോസിറ്റീവ് എന്ന തലക്കെട്ടിനു താഴെയായി ഒന്നൊന്നായി അക്കമിട്ടു നിരത്തുക. നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പുള്ളത് മാത്രം എഴുതിച്ചേർക്കുക. അനാവശ്യമായി നിങ്ങൾക്ക് ഇല്ലാത്തതോ നിങ്ങൾക്ക് സംശയം തോന്നുന്നതോ എഴുതി ചേർക്കണമെന്നില്ല. അതേപോലെതന്നെ നിങ്ങൾക്കുള്ള ദൂഷ്യവശങ്ങളും നിങ്ങളുടെ ദൗർബല്യങ്ങളും നെഗറ്റീവ് എന്ന തലക്കെട്ടിനു താഴെ നിങ്ങൾക്ക് എഴുതാവുന്നതാണ്.
അതിനുശേഷം…. ഇപ്പോൾ എഴുതിവെച്ച ഈ പോസിറ്റീവുകളും നെഗറ്റീവുകളും നിങ്ങൾ ആദ്യം ഒന്നു പരിശോധിച്ചു നോക്കുക. അതിൽ പോസിറ്റീവായി നിങ്ങൾ എഴുതിയിരിക്കുന്ന കാര്യങ്ങൾ എല്ലാം മെച്ചപ്പെടുത്തുവാൻ വേണ്ടി നിങ്ങൾ ശ്രമിക്കുക. നെഗറ്റീവ് ആയിട്ട് നിങ്ങൾ എഴുതിയിരിക്കുന്നത് എല്ലാം പതിയെ പതിയെ ഇല്ലാതാക്കുവാനും നിങ്ങൾ ശ്രമിക്കുക.
ആറുമാസം കഴിഞ്ഞ്… അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് ഇതേ പോലെ തന്നെ നിങ്ങളുടെ അന്നത്തെ പോസിറ്റീവും നെഗറ്റീവും എഴുതുക. എഴുതുന്നതിനു മുമ്പ് ഇന്ന് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും വായിച്ചു നോക്കാൻ പാടുള്ളതല്ല. അങ്ങനെ ആറുമാസത്തിനുശേഷം അല്ലെങ്കിൽ ഒരു വർഷത്തിനുശേഷം എഴുതി തയ്യാറാക്കിയ പട്ടിക ഇന്ന് നിങ്ങൾ എഴുതിവെച്ചിരിക്കുന്ന പട്ടികയുമായി താരതമ്യം ചെയ്യുക.
ഇന്ന് നിങ്ങൾ പോസിറ്റീവായി കാണുന്ന എന്തൊക്കെ ഗുണങ്ങൾ നിങ്ങൾക്ക് മെച്ചപ്പെടുത്താൻ സാധിച്ചു ?
ഏതൊക്കെ നിങ്ങൾക്ക് നഷ്ടപ്പെട്ടു ?
നിങ്ങൾ നെഗറ്റീവ് ആയിട്ട് എഴുതി ചേർത്ത് ഏതൊക്കെ നിങ്ങൾക്ക് ഇല്ലാതാക്കുവാൻ വേണ്ടിയിട്ട് സാധിച്ചു ?
ഏതൊക്കെ അന്നും നിലനിൽക്കുന്നു ?
പുതുതായി എന്തൊക്കെ നല്ല ഗുണങ്ങൾ നിങ്ങളിലേക്ക് വന്നു ?
പുതുതായി എന്തൊക്കെ മോശം ഗുണങ്ങൾ / ദോഷവശങ്ങൾ നിങ്ങളിലേക്ക് വന്നു ?
തുടങ്ങിയ കാര്യവും അവലോകനം ചെയ്യുക. അതിനുശേഷം അന്നുള്ള ആ പോസിറ്റീവ് ഗുണങ്ങൾ നിങ്ങൾ മെച്ചപ്പെടുത്താനും നെഗറ്റീവ് ആയിട്ടുള്ളവ ഇല്ലാതാക്കുവാനും ശ്രമിക്കുക. ഈയൊരു പ്രവർത്തനം ഒരു നിശ്ചിത കാലയളവിൽ നിങ്ങൾ വീണ്ടും വീണ്ടും ചെയ്യുകയാണ് എങ്കിൽ വളരെ നല്ലതാണ്.
ഒരു നിശ്ചിത ഇടവേളയിൽ ഇത് നിരന്തരമായി ചെയ്യുന്നതിലൂടെ നിങ്ങളുടെ നല്ല ഗുണങ്ങൾ വർദ്ധിപ്പിക്കുവാനും നിങ്ങളുടെ ദോഷവശങ്ങൾ ഇല്ലാതാക്കുവാനും അതേപോലെ തന്നെ നിങ്ങളുടെ ഗുണങ്ങൾ, ദോഷങ്ങൾ, ശക്തി, ദൗർബല്യം അവയെക്കുറിച്ചുള്ള ഒരു പൂർണ്ണ അറിവ് നിങ്ങൾക്ക് ഉണ്ടാകും. അത് നിങ്ങളെ ഉറപ്പായിട്ടും വിജയത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. പൂർണമായും തൻറെ ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ സാധിക്കുന്ന ഒരു വ്യക്തിയെ തോൽപ്പിക്കുക അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല. അതുകൊണ്ടുതന്നെ ഈ ഒരു പ്രവർത്തനം എല്ലാവരും ചെയ്തുനോക്കുക.
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്. അതിനോടൊപ്പം വ്യത്യസ്തമായ കാഴ്ചപ്പാടുകൾ, നിങ്ങളുടെ അഭിപ്രായങ്ങൾ, നിങ്ങൾക്ക് അറിയാൻ താല്പര്യമുള്ള വിഷയങ്ങൾ എന്നിവകൂടി ഇതിനൊപ്പം രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു…
ആത്മാവബോധം; നിങ്ങളുടെ ശക്തിയും ദൗർബല്യവും എന്തൊക്കെയാണ് ?നല്ല കാര്യം……… എനിക്ക് കൊറേ ഇതുപോലെ നെഗറ്റീ, പോസിറ്റീവ് ഉണ്ടായിരുന്നു ഇതുക്കെ ഞാൻ മനസ്സിൽ ഇങ്ങനെ അലട്ടുന്നു…. പിന്നെ ഞാൻ അതു ഒരാൾയുടെ അടുത്ത എല്ലാം പറഞ്ഞു എന്നിട്ട് എനിക്ക് നല്ല ഒരു ഉപദെശം നൽകി….. ഇപ്പോൾ ഞാൻ നല്ല പോലെ ചീന്തിച്ചു വളരെ നന്നായി pokunnund👏👏……………… ഈ വീഡിയോ അതിൽ പറയുന്നേ കാര്യം ഞാൻ ദിവസേനെ ചെയ്യും…. നല്ല കാര്യം ആയിരുന്നു…….. വളരെ നന്നായിട്ടുണ്ട്
LikeLike