കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സജി എന്ന കഥാപാത്രത്തിൻറെ കൗൺസിലിംഗ് രംഗം കണ്ട് നമ്മൾ മലയാളികളിൽ ഒരു വലിയ വിഭാഗം ചിരിക്കുകയായിരുന്നു. എന്നാൽ അത്തരം സന്ദർഭങ്ങളോടുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സുശാന്ത് എന്ന യുവനടന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നത് ഒരു വലിയ സന്ദേശമാണ്. അത് ഒരു കൊലപാതകമാണ് എന്നുള്ള രീതിയിലുള്ള വാർത്തകൾ വരുന്നുണ്ട് എങ്കിലും ഇപ്പോൾ എത്തിയിരിക്കുന്ന ആത്മഹത്യ എന്ന നിഗമനത്തിൽ നിന്നുകൊണ്ട് കാണുമ്പോൾ മാനസികാരോഗ്യം എന്താണ് ? എന്താണ് ഡിപ്രഷൻ ? എന്നുള്ള ചിന്തയിലേക്ക് നമ്മൾ എത്തിച്ചേരേണ്ടതാണ്.
നമ്മൾ എത്രത്തോളം സമ്പന്നരാണ്, നമ്മൾ എത്രത്തോളം ആർഭാട ജീവിതമാണ് നയിക്കുന്നത്, നമ്മൾ എത്രത്തോളം സമൂഹത്തിൽ സ്റ്റാറ്റസ് ഉള്ളവരാണ്, ജീവിതത്തിൽ എത്രത്തോളം വിജയം കൈവരിച്ചവരാണ്, എന്തൊക്കെ സാമൂഹിക പ്രവർത്തനങ്ങൾ നമ്മൾ ചെയ്യുന്നുണ്ട്, എത്രത്തോളം സോഷ്യൽ ആണ് നമ്മൾ, എത്രത്തോളം അംഗീകാരം നമുക്ക് ലഭിച്ചിട്ടുണ്ട്, എത്രത്തോളം ശാരീരികക്ഷമത നമുക്കുണ്ട്, നമ്മളെ കാണാൻ എത്രത്തോളം ഭംഗിയുള്ളവരാണ് എന്നൊന്നും സത്യത്തിൽ ഇത്തരം സന്ദർഭങ്ങളിൽ വില പോകാറില്ല എന്നുള്ളതാണ് വാസ്തവം.
സുശാന്ത് എന്ന യുവനടന്റെ ജീവിതവും നമുക്ക് കാണിച്ചുതരുന്നത് മറ്റൊന്നല്ല. 34 വയസ്സ് മാത്രമുള്ള ശാരീരികമായി വളരെയധികം ഫിറ്റായ, കാണാൻ വളരെയധികം സുന്ദരനായ, ജീവിതത്തിൽ വളരെയധികം വിജയിച്ചു എന്ന് മറ്റുള്ളവർ കരുതുന്ന, വളരെയധികം സമ്പന്നനായ, സമൂഹത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന തരത്തിൽ ജീവിതത്തിൽ വിജയം കൈവരിച്ച ഒരു വ്യക്തിത്വമായി മാറി എങ്കിൽ കൂടി മാനസിക സമ്മർദ്ദങ്ങൾ എങ്ങനെയാണ് ഒരാളെ ആത്മഹത്യയിലേക്ക് അല്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്നത് എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഇത്. പലപ്പോഴും നമ്മുടെ ചുറ്റും ഇത്തരം ആത്മഹത്യകൾ നടക്കുവാൻ ഒരു കാരണം എന്ന് പറയുന്നത് നെഗറ്റീവ് ചിന്തകളെ നിയന്തിക്കുവാൻ നമുക്ക് സാധിക്കുന്നില്ല എന്നുള്ളതാണ്. നമ്മുടെ ചിന്തകളിൽ നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ ഏതൊക്കെയെന്നും, പോസിറ്റീവ് ആയിട്ടുള്ള ചിന്തകൾ ഏതൊക്കെയെന്നും അവ ഉണ്ടാകുന്ന സമയത്ത് തന്നെ നമുക്ക് വേർതിരിച്ച് മനസ്സിലാക്കുവാനുള്ള ഒരു പരിശീലനം നമുക്ക് അത്യാവശ്യമാണ്. ഇത്തരം നെഗറ്റീവ് ചിന്തകൾ വരുന്ന ആ സാഹചര്യത്തിൽ തന്നെ ഇത് നെഗറ്റീവ് ആയിട്ടുള്ള ഒരു ചിന്തയാണ് എന്നും ഇത് നമുക്ക് ഉണ്ടാക്കാൻ പാടില്ല എന്നും മനസ്സിനെ ബോധ്യപ്പെടുത്തി അത്തരം ചിന്തകളിൽ നിന്ന് വ്യതിചലിച്ചു പോകുവാൻ നമുക്ക് സാധിക്കണം. അത് ഒരു ദിവസം കൊണ്ട് അല്ലെങ്കിൽ ഒരു വർഷം കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് എന്ന് ഞാൻ കരുതുന്നില്ല അതേപോലെ തന്നെ, അത് എല്ലാവർക്കും ഒരേപോലെ ജീവിതത്തിൽ കൊണ്ടുവരുവാൻ സാധിക്കും എന്ന് ഞാൻ കരുതുന്നില്ല.
“പറയാൻ എളുപ്പമാണ് പ്രാവർത്തികമാക്കാനാണ് ബുദ്ധിമുട്ട്”
നമ്മുടെ സമൂഹം ഇത്തരം ആത്മഹത്യകളിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പലപ്പോഴും മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആൾക്കാരുടെ മനസ്സ് കാണുവാൻ വേണ്ടി പലരും ശ്രമിക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ നമ്മൾ പറയുന്ന ഒരു വാചകമുണ്ട്
“അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടായിരുന്ന മാനസികസംഘർഷം മറ്റൊരാളുമായി പങ്കുവെച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഈ മരണത്തിൽ നിന്ന് രക്ഷിക്കാൻ ചിലപ്പോൾ കഴിഞ്ഞെന്നു വന്നേക്കാം…”
പക്ഷേ ഇത്തരം മാനസികാവസ്ഥയിൽ ഉള്ള ആൾക്ക് അത് എപ്പോഴും മറ്റൊരാളുമായി പങ്കുവെക്കാൻ കഴിഞ്ഞു എന്ന് വരാറില്ല. പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങളിൽ നിന്ന് വരെ ഇത്തരം മാനസികമായ പ്രശ്നങ്ങളിലേക്ക് എത്തിച്ചേർന്നേക്കാം. ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അത് മറ്റുള്ളവർ എങ്ങനെ സ്വീകരിക്കുന്നു എന്നത് വീണ്ടും അത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിന് പ്രചോദനമാകുന്നതിനും അതുപോലെതന്നെ തളർത്തുന്നതിനും കാരണമാകും.
നമുക്ക് വേണ്ടപ്പെട്ടവർ അത്തരം കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ
”ഇത്തരം ചെറിയ കാര്യങ്ങൾ എന്തിനാ നീ എന്നോട് പറയുന്നേ” അല്ലെങ്കിൽ
“ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാ”
“നിനക്ക് വേറെ ഒരു പണിയും ഇല്ലേ”
എന്നുള്ള രീതിയിൽ അവരുടെ മാനസികാവസ്ഥയെ മനസിലാക്കാൻ സാധിക്കാതെ പലപ്പോഴും അവരെ അവഗണിക്കാറുണ്ട്. അങ്ങനെ വരുന്ന സാഹചര്യത്തിൽ അവർ വീണ്ടും അത്തരം മാനസിക അവസ്ഥയിൽ എത്തിച്ചേരുമ്പോൾ അത് മറ്റൊരാളുമായി പങ്കുവയ്ക്കാൻ അവർക്ക് സാധിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ ഒരാൾ നിങ്ങളോട് അത്തരം കാര്യങ്ങൾ പങ്കുവയ്ക്കാൻ മുന്നോട്ടു വരുമ്പോൾ തീർച്ചയായും അത് ആ രൂപത്തിൽ തന്നെ സ്വീകരിക്കുകയും ആ അവസ്ഥയിൽ നിന്നും മുക്തനാകാൻ എന്താണ് ചെയ്യാൻ സാധിക്കുക അത് ചെയ്തു കൊടുക്കുകയും ചെയ്യുക.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സജി എന്ന കഥാപാത്രം നമ്മൾക്ക് ഓർമ്മയുണ്ട്. തന്നെ മരണത്തിലേക്ക് നയിക്കാവുന്ന അല്ലെങ്കിൽ തൻറെ ജീവിതം തന്നെ നശിപ്പിച്ചു കളയാവുന്ന ഒരു മാനസികാവസ്ഥയിൽ അദ്ദേഹം എത്തുന്നു. തന്നെ സഹോദരനെപ്പോലെ കണ്ട സുഹൃത്ത് താൻ കാരണം മരണപ്പെട്ട സന്ദർഭത്തിൽ നിന്നും മാനസിക സമ്മർദ്ദത്തിലേക്ക് ഇടറി വീണ അദ്ദേഹം ചെയ്തത് സ്വന്തം അനുജനോട് സഹായമഭ്യർത്ഥിക്കുക എന്നതായിരുന്നു.
“എൻറെ കൺട്രോൾ പോയിരിക്കുകയാണ്… എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടു പോകുമോ…???”
എന്ന് സഹോദരനോട് ചോദിക്കാൻ തയ്യാറായ ആ ഒരു നിമിഷമാണ് ഒരു സുന്ദര ജീവിതത്തിലേക്ക് അദ്ദേഹത്തെ നയിക്കുവാൻ കാരണം ആയത്. അത്തരമൊരു തീരുമാനമെടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ആ ഒരു ചിന്തയാണ് നമ്മൾ ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കേണ്ടത്.
അത്തരത്തിൽ നിങ്ങളുടെ മാനസിക അവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ തീർച്ചയായും നിങ്ങളെ സഹായിക്കാൻ പറ്റുന്നവരോട് സഹായം അഭ്യർഥിക്കുക. അവർ വഴി ഒരു പ്രൊഫഷണൽ കൗൺസിലറിൻറെയോ മാനസികാരോഗ്യ വിദഗ്ധന്റേയോ സഹായം നിങ്ങൾക്ക് നേടാം എന്നത് ഇത്തരം സാഹചര്യത്തിൽ വളരെ വളരെ വലുതാണ്. മാനസികസംഘർഷം ഏതൊരു വ്യക്തിക്കും വരാവുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ “എനിക്ക് ഈ ഒരു അവസ്ഥ അനുഭവപ്പെടില്ല” എന്ന ചിന്ത വെടിഞ്ഞ്, ജീവിതത്തിൽ നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ വേണ്ടി ശ്രമിക്കുക. പോസിറ്റീവ് ചിന്തകളെയും, നെഗറ്റീവ് ചിന്തകളെയും തിരിച്ചറിയുന്നതിന് നമ്മുടെ മനസ്സിനെയും, ബുദ്ധിയെയും പ്രാപ്തമാക്കുക. അതിനോടൊപ്പം തന്നെ അത്തരം നെഗറ്റീവ് ചിന്തകൾ വരുന്ന സമയത്ത് അതിനെ ഒഴിവാക്കി അതിൽനിന്നും വ്യതിചലിച്ചു കൊണ്ട് നല്ല ചിന്തകളിലേക്ക് പോകാൻ സ്വയം പ്രാപ്തമാകുക.
സത്യം തന്നെ….!!!
LikeLike