വിഷ്ണു മാഷ് ജനിച്ചു വളർന്ന കുന്നരു മീത്തലെ വട്ടപ്പറമ്പില്ലം ഇനി ഡോ. എം വി വിഷ്ണു നമ്പൂതിരി സ്മാരക ഫോക്‌ലോർ മ്യൂസിയം. നാടൻ കലകളെ സ്നേഹിച്ചും, ഇല്ലാതായിത്തുടങ്ങിയ പല കലകളെ ജനങ്ങളിലേക്കെത്തിച്ചതും അദ്ദേഹം നടത്തിയ ജീവിത യാത്രയുടെ നേർക്കാഴ്ച്ച അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കാൻ ഉതകുന്ന തരത്തിൽ വിലയേറിയ ഒട്ടനവധി ശേഖരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. കൂടുതൽ ജനങ്ങളുടേയും, മാഷിന്റെ ശിഷ്യന്മാരുടെയും, ഫോക്‌ലോറിനെ സ്നേഹിക്കുന്നവരുടെയും സഹകരണത്തോടെ ഇന്ന് ഒരുക്കിയിരിക്കുന്ന സാഹചര്യങ്ങൾ ഉത്തരോത്തരം മികച്ചതാക്കാൻ കഴിയും എന്ന് കരുതുന്നു.
വിഷ്ണു മാഷിന്റെ ശ്രാദ്ധദിനത്തിൽ ഇല്ലത്ത് ചേർന്ന് യോഗത്തിൽ ഫോക്‌ലാൻഡ് ചെയർമാൻ ശ്രീ ജയരാജൻ മ്യൂസിയത്തിന്റെ ഉദ്ഘാടനവും, വെബ്സൈറ്റ് പ്രകാശനവും നടത്തി.യോഗത്തിൽ സ്വാഗത പ്രഭാഷണം നടത്തുവാൻ കുടുംബത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് എനിക്ക് അവസരം ലഭിച്ചു. മഹാഭാഗ്യമായി ഈ അവസരത്തെ ഞാൻ കാണുന്നു. ഇനി വരാനിരിക്കുന്ന എത്രയോ തലമുറയ്ക്ക് വഴികാട്ടിയാകാൻ മുത്തശ്ശൻ തന്റെ ജീവിതത്തിന്റെ വലിയ ഭാഗം ചിലവഴിച്ച ആ ചെറിയ മുറിയിൽ ഒരുക്കിയ മ്യൂസിയത്തിന് കഴിയും.
പ്രകാശനം ചെയ്ത വെബ്‌സൈറ്റ്: www.mvvishnunamboothiri.com