യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ യുവജനസഭയും തിരുവനന്തപുരം ടെക്നോപാർക്ക് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ മലയോര വനമേഖലയായ സീതത്തോട് ഗുരുനാഥൻമണ്ണ് ട്രൈബൽ സ്കൂളിൽ അക്ഷര പദ്ധതി തിങ്കളാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഇൻ ചാർജ് അദ്ധ്യാപകൻ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറി വി.എസ്. മനോഹർ പോറ്റി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി ഞാനും ജില്ലാ യുവജന സഭയ്ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് നമ്പൂതിരിയും ആശംസകൾ അറിയിച്ചു. ജില്ലാ യുവജനസഭയും പ്രതീക്ഷയും ചേർന്നുള്ള രണ്ടാമത്തെ പരിപാടിയിൽ 75 ഓളം കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, കെ ജി ലെവൽ കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങൾ എന്നിവ നൽകി. സീനിയർ അദ്ധ്യാപിക റോസമ്മ കൃതജ്ഞത രേഖപ്പെടുത്തി.
യുവജനസഭ സംസ്ഥാന നിർവാഹക സമിതി അംഗം രേവതി സുബ്രഹ്മണ്യൻ, ജില്ലാ യുവജനസഭ ട്രഷറർ വിഷ്ണുപ്രിയ, ജില്ലാ യോഗക്ഷേമസഭ IT Cell കോഓർഡിനേറ്റർ അശ്വിൻ ഇലന്തൂർ, ജില്ലാ നിർവ്വാഹക സമിതിയംഗങ്ങളായ കാർത്തിക ഭട്ടതിരി, നീതു വിഷ്ണു , വിപിൻ തെന്നശ്ശേരിൽ, പ്രമോദ് വാളാർപ്പിള്ളിൽ, ശ്രീനു സുബ്രഹ്മണ്യൻ, ശരണ്യ ഉണ്ണികൃഷ്ണൻ, രാധിക സുരേഷ്, അർജ്ജുൻ, രഞ്ജിത്ത് പോറ്റി എന്നിവർ യുവജനസഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിൽ നിന്ന് ഏകദേശം ഒരു മണിക്കൂറിലധികം സഞ്ചരിച്ചാണ് സീതത്തോടിന് അടുത്തുള്ള ഈ ട്രൈബൽ സ്കൂളിൽ എത്തിച്ചേർന്നത്. കഴിഞ്ഞ പ്രളയ കാലഘട്ടത്തിൽ ഏകദേശം പന്ത്രണ്ടോളം ഉരുൾപൊട്ടലുകൾ നടന്ന മേഖലയിലാണ് ഈ സ്കൂൾ. സ്കൂളിൽ 76 ഓളം കുട്ടികളാണ് പഠിക്കുന്നത്. മറ്റ് സംഘടനകളുടെ സഹായങ്ങൾ എത്തിച്ചേരാത്ത രീതിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഈ സ്കൂൾ കണ്ടെത്തുന്നതിനും, സ്കൂൾ അധികൃതരുമായി സംസാരിച്ച് ഇത്തരത്തിലൊരു പ്രവർത്തനം സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിനും മുൻകൈയ്യെടുത്ത യുവജനസഭ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ശ്രീജിത്തിന് നന്ദി അറിയിക്കുന്നു.
ഈയൊരു ചെറിയ പ്രവർത്തനത്തിലൂടി എത്രത്തോളം സന്തോഷവും പ്രോത്സാഹനവും കുട്ടികൾക്കും അദ്ധ്യാപകർക്കും നൽകുവാൻ കഴിഞ്ഞു എന്നത് സ്കൂൾ അധികൃതരിൽ നിന്നും ലഭിച്ച സന്ദേശത്തിൽ നിന്നും വ്യക്തമാണ്.
“Such a wonderful experience.. thank you very much sir…. for givng this aids and support for our children😁”
ഈ സന്ദേശം ഇത്തരം ഒറ്റപ്പെട്ടു കിടക്കുന്ന മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവിടെ പഠിക്കുന്ന കുട്ടികൾക്ക് പഠനത്തിനു വേണ്ടിയുള്ള സൗകര്യങ്ങളൊരുക്കി കൊണ്ട് അവരെ മുൻ നിരയിലേക്ക് കൊണ്ടുവരുന്നതിനും കൂടുതൽ പരിശ്രമങ്ങൾ നടത്തുവാൻ നമ്മളെ പ്രേരിപ്പിക്കുന്നതാണ്.
പ്രതീക്ഷയുടെയും യോഗക്ഷേമസഭ യുവജനസഭയുടെയും പ്രതിനിധികളായി അവിടെ എത്തിച്ചേർന്ന ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടായ വികാരം വിവരിക്കാൻ കഴിയുന്നതല്ല. സമ്മാനങ്ങൾ ഏറ്റുവാങ്ങുമ്പോൾ കുട്ടികളിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ ഓരോരുത്തർക്കും പകർന്നുതന്ന മാനസികമായ സംതൃപ്തിയും സന്തോഷവും വളരെ വലുതാണ്.
ശ്രീജിത്തിനും പത്തനംതിട്ട ജില്ലാ യുവജന സഭയ്ക്കും ഒരിക്കൽക്കൂടി നന്ദി അറിയിച്ചു കൊണ്ടും വരുംവർഷങ്ങളിലും “അക്ഷര” എന്ന ഈ പ്രവർത്തനത്തിന് ഭാഗമാകാൻ പ്രതീക്ഷയ്ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും നിറഞ്ഞ മനസോടെ ഞാൻ തിരികെ യാത്ര തിരിച്ചു.