Quppi

കടലും കായലും അടങ്ങുന്ന ജലസ്രോതസ്സുകള്‍ വറ്റിവരളുന്നതിനെപറ്റിയും മലിനമാക്കപ്പെടുന്നതിനെപ്പറ്റിയും ആകുലതകള്‍ പ്രകടിപ്പിക്കുകയും, ചിന്തിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍ മാറ്റത്തിനു തിരികൊളുത്തുകയാണ് മണ്‍റോത്തുരുത്ത് സ്വദേശിനിയായ അപര്‍ണ. പതിവായി കണ്ടുവരുന്ന മാലിന്യ നിര്‍മാര്‍ജന നിയന്ത്രണ പദ്ധതികളിലൊക്കെ മാലിന്യങ്ങളെ അവയുടെ സ്രോതസ്സില്‍ നിന്നും മാറ്റി ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കണ്ടുപോരുന്നത്. എന്നാല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും മറ്റൊരു സ്ഥലത്തേയ്ക്ക് അയയ്ക്കുന്നതിലും യാതൊരു കാര്യവുമില്ല. ഇവിടെയാണ് കലാമൂല്യമുള്ള റീസൈക്ലിങ് പുതുമയുള്ള ഒരാശയമാകുന്നത്. എഫ്. എം വഴിയാണ് അപർണയെപ്പറ്റി ആദ്യം കേൾക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന “GIFTT” എന്ന ട്രെയിനേഴ്സ് ട്രെയിനിങ് പ്രോഗ്രാമിൽ വെച്ചാണ് അപർണയെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും.

ചെറുപ്പത്തിലേ കരകൗശലമേഖലയില്‍ താല്പര്യമുണ്ടായിരുന്ന അപര്‍ണ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രവൃത്തിപരിചയമേളകളിലെ താരമായിരുന്നു. ഫാബ്രിക് പെയിന്റിങ്ങ്, ടെറാക്കോട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങി അപര്‍ണ എന്ന കൊച്ചുപ്രതിഭ കഴിവു തെളിയിച്ച മേഖലകള്‍ ഏറെയാണ്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷവും അപര്‍ണ കരകൗശല നിര്‍മ്മാണങ്ങള്‍ തുടര്‍ന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ടെറാക്കോട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു ശ്രദ്ധ. കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ത്തന്നെ അവ വിറ്റഴിക്കപ്പെട്ടു. കോളേജിലേക്കുള്ള യാത്രാ ചെലവിനും, മറ്റ് പഠന ചെലവുകള്‍ക്കുമുള്ള പണം ഇങ്ങനെ കണ്ടെത്തി. കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ നവീനമായ ആശയങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കുപ്പികളില്‍ ആകര്‍ഷകമായ അലങ്കാര വസ്തുക്കള്‍ പിറന്നത്. ആദ്യമൊക്കെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങളായി നല്‍കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് പണം കൊടുത്ത് അപര്‍ണ്ണയുടെ കുപ്പിയില്‍ നിര്‍മിച്ച കൗശലവസ്തുക്കള്‍ വാങ്ങാന്‍ ആള്‍ക്കാരെത്തി. ഇതോടെ ഈ മേഖലയിലെ സാധ്യതകള്‍ അപര്‍ണ്ണ തിരിച്ചറിഞ്ഞു. അതോടെ കുറച്ചുകൂടെ ഗൗരവത്തോടെ ഈ രംഗത്തെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കായലിന്റെ പരിസരത്ത് നിന്നും അടുത്തുള്ള റിസോര്‍ട്ടുകളിലും നിന്നും മറ്റും ഭംഗിയുള്ള കുപ്പികള്‍ ശേഖരിച്ചാണ് ഉത്പന്നങ്ങള്‍ നിര്‍മിച്ചുപോന്നിരുന്നത്. ക്രിസ്മസ്‌നെ ആസ്പദമാക്കി കുപ്പിയില്‍ ചിത്രങ്ങള്‍ ചെയ്ത് പുറത്തിറക്കി. വേഗത്തില്‍ അവ വിറ്റഴിക്കപ്പെട്ടു. അപ്പോഴാണ് പുതിയ ഒരാശയം പരീക്ഷിച്ചു നോക്കാന്‍ അപര്‍ണ്ണ തീരുമാനിച്ചത്. ഒരു വര്‍ഷത്തെ കലണ്ടര്‍ ഒരു കുപ്പിയില്‍ വരയ്ക്കുക. ഏറെ ശ്രമകരമായ ജോലിയായിരുന്നു അത്. അപര്‍ണ്ണയുടെ പരിശ്രമങ്ങളെ കൈയടിയോടെയാണ് വിപണി സ്വീകരിച്ചത്. കുപ്പികള്‍ സ്വന്തമാക്കാന്‍ നിരവധി പേരെത്തി. ആയിരം രൂപാ വരെ ഒരു കുപ്പിയിലെ കലാവിരുതിന് പ്രതിഫലമായി ലഭിച്ചു. പിന്നീട് പല പുതുമകളും കുപ്പികളില്‍ അപര്‍ണ്ണ പരീക്ഷിച്ചു. ഫാബ്രിക് പെയിന്റിങ്ങ്, ഫോട്ടോ ട്രാന്‍സ്ഫറിങ്ങ് അങ്ങനെ പലതും. സോഷ്യല്‍ മീഡിയ വഴിയാണ് അപര്‍ണ്ണ തന്റെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത് Quppi എന്ന ഫേസ്ബുക്ക് പേജിലൂടെ തന്റെ പുതിയ കലാസൃഷ്ടികളക്കുറിച്ചുള്ള വിവരങ്ങള്‍ അപര്‍ണ്ണ കൃത്യമായി പങ്കു വയ്ക്കുന്നു. ഇന്‍സ്റ്റഗ്രാമിലും Quppi ക്ക് ആരാധകരേറെയാണ്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജലസംരക്ഷണ- മാലിന്യ വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലോകജലദിനത്തോടനുബന്ധിച്ചു അഷ്ടമുടിക്കായലില്‍ നിന്നും വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ ശേഖരിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി അപര്‍ണ്ണ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. എല്ലാവരെയും ഇതില്‍ ഭാഗമാകാന്‍ ക്ഷണിച്ചെങ്കിലും ഒരുപാട് പേരൊന്നും വരുമെന്ന് അപര്‍ണ്ണ കരുതിയില്ല. എന്നാല്‍ അപര്‍ണയുടെ ധാരണകളെയെല്ലാം തെറ്റിച്ചുകൊണ്ട് അഷ്ടമുടിക്കായലിനരികില്‍ അപര്‍ണ്ണയ്ക്ക് പിന്തുണയുമായി യുവജനങ്ങള്‍ ഒഴുകിയെത്തി. കോളേജുകളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും എത്തി. ഒട്ടേറെ പരിസ്ഥിതി സ്‌നേഹികളും അപര്‍ണ്ണയോടൊപ്പം കൈകോര്‍ത്തു. അവരെല്ലാവരും ചേര്‍ന്ന് അഷ്ടമുടിക്കായലില്‍ നിന്ന് ഉപയോഗശൂന്യമായ നിരവധി വസ്തുക്കള്‍ ശേഖരിച്ചു. പ്ലാസ്റ്റിക്ക് കുപ്പികളും, വലയുടെ അവശിഷ്ടങ്ങളും, കവറുകളും അങ്ങനെ പലതും. അവിടെവച്ചുതന്നെ അപര്‍ണ ഉപയോഗ ശൂന്യമായ ചവറുകളെ മനോഹരമായ വസ്തുക്കളാക്കി മാറ്റി. ഈ ശ്രമത്തില്‍ അപര്‍ണ്ണയോടൊപ്പം നിര്‍മ്മാണ വൈദഗ്ധ്യമുള്ള നിരവധിയാളുകളും സഹകരിച്ചു. അന്നു നിര്‍മ്മിച്ച ഉത്പന്നങ്ങളെല്ലാം അവിടെ വച്ച് തന്നെ വിറ്റഴിക്കുകയും ചെയ്തതോടെ അപര്‍ണ്ണയെ മാധ്യമ ലോകം തിരിച്ചറിഞ്ഞു. എല്ലാ മാധ്യമങ്ങളിലും അപര്‍ണ്ണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു. ലാഭം നേടാനുള്ള ഒരു സംരംഭം എന്ന നിലയിലല്ല, മറിച്ച് മനസിന് സന്തോഷം പകരുന്ന ഒരു കല എന്ന നിലയിലാണ് അപര്‍ണ്ണ തന്റെ ശ്രമങ്ങളെ നോക്കിക്കാണുന്നത്. അപര്‍ണ്ണയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇതിനോടകം നിരവധി പേര്‍ മുന്നോട്ടെത്തിക്കഴിഞ്ഞു. ഇവരെയെല്ലാം ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ പെണ്‍കുട്ടിയപ്പോള്‍. നിരവധി പരിസ്ഥിതി സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അപര്‍ണയെ ക്ഷണിച്ചിട്ടുണ്ട്. ഒരു ടീച്ചറാകുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്നും എന്നാല്‍ കരകൗശല നിര്‍മ്മാണം എപ്പോഴും ഒപ്പമുണ്ടാകുമെന്നും അപര്‍ണ്ണ പറയുന്നു. അച്ഛനും അമ്മയും അപര്‍ണ്ണയുടെ എല്ലാ ശ്രമങ്ങള്‍ക്കും കരുത്ത് പകര്‍ന്ന് കൂടെത്തന്നെയുണ്ട്.

സാമൂഹിക സാംസകാരിക പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംരംഭകത്വത്തിലൂടെ അഭിമുഖീകരിക്കുന്ന നവീനആശയത്തിന് ഉദാഹരണമാണ് Quppi യും മാലിന്യപ്രശ്‌നങ്ങളെ കലയിലൂടെ നേരിടാനുള്ള ശ്രമങ്ങളും. വ്യത്യസ്തമായ യുവ ആശയങ്ങളുടെ വേരുകള്‍ ഉറപ്പിക്കുന്ന Quppi പോലുള്ള സാമൂഹികസംരംഭങ്ങള്‍ മാറ്റങ്ങളില്‍ അധിഷ്ഠിതമായ പുരോഗതിക്കു അനിവാര്യമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s