കെഎസ്ആര്‍ടിസിയുടെ ഡബിൾ ഡെക്കർ ബസുകൾ പലരെയും ഭൂതകാലത്തേക്കാവും കൂട്ടിക്കൊണ്ടുപോകുക. നഗരവീഥികളിലെ വൃക്ഷത്തലപ്പുകളുടെ മർമ്മരവും ചെറിയ ചില്ലകളുടെ കൂട്ടിയിടികളും ഏറ്റവും അടുത്തറിഞ്ഞുള്ള യാത്ര. പൈതൃകവും ആഢ്യത്തവുമൊക്കെ സമന്വയിപ്പിക്കുന്ന ഈ ഡബിള്‍ ഡെക്കറുകള്‍ തിരുവനന്തപുരത്തിന്‍റെയും എറണാകുളത്തിന്‍റെയുമൊക്കെ നിരത്തുകളിലൂടെ ഇപ്പോഴും സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും ഈ സര്‍വ്വീസുകളെ തേടിയെത്തുന്നത്.
തിരുവനന്തപുരത്തെയും എറണാകുളത്തേയും പൊതുജനങ്ങൾക്ക് എന്നും അത്ഭുതത്തോടെ നോക്കികാണാനും കുറഞ്ഞ ചെലവിൽ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കുന്ന ഒരു കാഴ്ചയുണ്ട്… കേരളത്തിൽ കെ.എസ്.ആർ.ടി.സി-ക്ക് മാത്രം സ്വന്തമായ മൂന്ന് ഡബിൾ ഡെക്കർ ബസുകൾ. ആഢ്യത്തവും പൈതൃകവും സമന്വയിപ്പിക്കുന്ന ഡബിൾ ഡെക്കർ ബസ്സുകൾ ആബാലവൃദ്ധം ജനങ്ങൾക്കും ഇന്നും സന്തോഷകരമായ കാഴ്ച തന്നെയാണ്. ഇന്നും ഈ ബസ്സുകളുടെ മുകളിലെ നിലയിലെ ഏറ്റവും മുന്നിലെ സിറ്റിലിരിക്കാൻ ആഗ്രഹിക്കുന്ന എത്രയോ മുതിർന്ന ആൾക്കാർ ഉണ്ട്. നഗരവീഥികളിലെ വൃക്ഷത്തലപ്പുകളുടെ മർമ്മരവും ചെറിയ ചില്ലകളുടെ കൂട്ടിയിടികളും ഏറ്റവും അടുത്തറിഞ്ഞവർ പലരും ഇന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിക്കുന്നുണ്ട്. അവർക്കേവർക്കും അവരുടെ ഗതകാലസ്മരണകളിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കും ഡബിൾ ഡെക്കർ യാത്ര. തങ്ങളുടെ ബാല്യവും കൗമാരവും യൗവനവും ബസ്സിനുള്ളിൽ ചെലവഴിച്ചിട്ടുള്ളവർക്ക് ഇന്നും ഡബിൾ ഡെക്കർ ബസ്സുകൾ മനോഹരമായ ഓർമ തന്നെയായിരിക്കും.. തീർച്ച . തിരുവനന്തപുരവും എറണാകുളവും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി നിൽക്കാൻ കാരണം ഇത് കൂടിയാണ്.