യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭ നടത്തിയ “യുവതർക്കി”- ഡിബേറ്റിൽ 22 പേര് പങ്കെടുത്തു. ഫെബ്രുവരി 14ന് പുലവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാൻമ്മാർക്കുവേണ്ടി മൗനപ്രാർത്ഥന നടത്തിയതിന് ശേഷം പരിപാടികൾ ആരംഭിച്ചു. ജില്ലാ യുവജനസഭ സെക്രട്ടറി ശ്രീ.ഉമേഷ് കൃഷ്ണ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.കൃഷ്ണൻ നമ്പൂതിരി, കരകുളം ഉപസഭ സെക്രട്ടറി ശ്രീ.ശിവപ്രസാദ്, മുൻ ജില്ലാ ട്രഷറർ ശ്രീ. ശ്രീധരൻ നമ്പൂതിരി എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടി ഉൽഘാടനം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. “കലാലയ രാഷ്ട്രീയം” വേണമോ വേണ്ടയോ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ പങ്കെടുത്തവർ എല്ലാവരും മികച്ച നിലവാരം പുലർത്തി. മത്സരത്തിന്റെ ജഡ്ജ് ആയ കരകുളം ഉപസഭ സെക്രട്ടറി ശ്രീ.ശിവപ്രസാദ് പങ്കെടുത്തവരുടെ ആശയങ്ങൾ വിലയിരുത്തി മാർക്ക് ഇട്ടു. ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുവാൻ എനിക്ക് അവസരം ലഭിച്ചു. കലാലയ രാഷ്ട്രീയം വേണമെന്ന് വാദിച്ചവരിൽ നിന്നും ഒന്നാം സ്ഥാനം ശ്രീ.സാജൻ പണ്ടാരത്തിൽ (ആറ്റിങ്ങൽ ഉപസഭ), രണ്ടാം സ്ഥാനം കുമാരി.ശ്യാമിനി വിഷ്ണു (സിറ്റി ഉപസഭ) എന്നിവർ കരസ്ഥമാക്കി. കലാലയ രാഷ്ട്രീയത്തിന് എതിരായി സംസാരിച്ചവരിൽ ഒന്നാം സ്ഥാനം ശ്രീ.കൃഷ്ണൻ നമ്പൂതിരി (സിറ്റി ഉപസഭ), രണ്ടാം സ്ഥാനം ശ്രീ.യദു കൃഷ്ണൻ (അരുവിക്കര ഉപസഭ) എന്നിവർ കരസ്ഥമാക്കി. സിറ്റി ഉപസഭ സെക്രട്ടറി ശ്രീമതി. മല്ലിക നമ്പൂതിരി വിജയികൾക്കുള്ള സമ്മാനങ്ങളും, വൈകിട്ടത്തെ ലഘുഭക്ഷണവും സ്പോണ്സർ ചെയ്തു പരിപാടിയ്ക്ക് എല്ലാ പിന്തുണയും നൽകി. മുൻ ജില്ലാ ട്രഷറർ ശ്രീ. ശ്രീധരൻ നമ്പൂതിരി (കരകുളം ഉപസഭ), ശ്രീ.മാധവൻ പോറ്റി (കരകുളം ഉപസഭ), ജില്ലാ യുവജനസഭ നിരീക്ഷകൻ ശ്രീ.വിഷ്ണു വെങ്കിടേഷ് (അരുവിക്കര ഉപസഭ) എന്നിവരുടെ സാന്നിധ്യവും ചർച്ചയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളും പരിപാടിയ്ക്ക് മാറ്റു കൂട്ടി.
പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുന്ന പ്രവണതയാണ് ഇന്ന് യുവാക്കളിൽ കണ്ടുവരുന്നത്. സാമൂഹിക പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അതിനെതിരെ പ്രതികരിക്കുക എന്നത് കുറഞ്ഞു വരികയും എല്ലാവരും സ്വന്തം കാര്യങ്ങളിലേക്ക് ഒതുങ്ങി കൂടുകയും ചെയ്യുന്ന അവസരത്തിൽ പൊതുവേദികളിൽ സംസാരിക്കുവാനും തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നതിനും ഉള്ള ആത്മവിശ്വാസം ഇത്തരം ചർച്ചകളിലൂടെയും മത്സരങ്ങളിലൂടെയും ഒരു പരിധിവരെ സ്വായത്തമാക്കാൻ കഴിയും എന്നതിൽ സംശയമില്ല. ഇത്തരത്തിൽ ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകിയ ജില്ലാ യുവജനസഭയ്ക്ക് അഭിനന്ദനങ്ങൾ…