നമുക്കെല്ലാം ഇഷ്ട്ടപ്പെട്ട രീതിയില്‍, നമുക്ക് വസിക്കാന്‍ പറ്റിയ രീതിയില്‍ വീടും പരിസരവും പാകപ്പെടുത്തുന്നവര്‍ ആണ് നാം ഓരോരുത്തരും. ഈശ്വരന്‍ നാം ഓരോരുത്തരിലും കുടിക്കൊള്ളുന്നു എന്ന് വിശ്വസിക്കുന്ന നാം പക്ഷെ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ “ആ ഈശ്വര ചൈതന്യത്തിന് കുടികൊള്ളുന്നതിന് നമ്മുടെ ശരീരവും മനസും പാകം ആണോ” എന്ന്…
പല പ്രശ്നങ്ങളും പേറിയാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. അങ്ങനെ പ്രശ്നങ്ങള്‍ പേറി നടക്കുന്ന ഒരാള്‍ക്ക് ഒരിക്കലും പുറത്ത് നിന്നും വരുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയില്ല. ഇന്നത്തെ യുവതലമുറ പ്രശ്നങ്ങള്‍ക്ക് വേണ്ടിയാകരുത് മറിച്ച് പരിഹാരങ്ങള്‍ക്ക് വേണ്ടിയാകണം ജീവിക്കുന്നത്. അങ്ങനെ ചുറ്റുമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് സാധിക്കണം എങ്കില്‍ നമ്മുടെ ഉള്ളിലുള്ള പ്രശ്നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണണം. അത്തരം പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ചില മാര്‍ഗ്ഗങ്ങള്‍…
സ്വയം നിരീക്ഷിക്കുക
ഒരാള്‍ എന്താണ് എന്ന് നിശ്ചയിക്കുന്നത് “അയാളുടെ ചിന്തകള്‍” ആണ്. പുറമേ കാണുന്നത് നാം ഓരോരുത്തരുടേയും മുഖംമൂടി മാത്രമാണ്. വളരെ കുറച്ചുപേര്‍ക്ക് മാത്രം ആണ് ഇവ രണ്ടും ഒന്നായി തീരുക. ആരും ചുറ്റും ഇല്ലാത്തപ്പോള്‍, ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒക്കെ നാം എന്ത് ചിന്തിക്കുന്നു എന്നത് നമ്മുടെ സ്വഭാവത്തെ വളരെ അധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ചിന്തകള്‍ എങ്ങനെ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കുക.
അതിനായി കുറച്ച് സമയം ചുറ്റുപാടില്‍ നിന്നും അകന്ന് വെറുതെ ഇരിക്കുകയും, ആ വേളയില്‍ നമ്മുടെ ചിന്ത എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് നിരീക്ഷിക്കുകയും വേണം. നമ്മുടെ ചിന്ത തന്നെയാണ് നാം എന്ന തിരിച്ചറിവ് നമ്മുടെ ഓരോ ചിന്തകളേയും വളരെ സൂക്ഷ്മമായി ശ്രദ്ധിക്കാന്‍ നമ്മെ പ്രേരിപ്പിക്കും…
തിരിച്ചറിയുക
തിരിച്ചറിവ്… അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ചിന്തകള്‍ തെറ്റായ ദിശയിലേക്കാണ് പോകുന്നതെങ്കില്‍ അത് തിരിച്ചറിയാനും അത് അംഗീകരിക്കാനും കഴിയുക. എല്ലാവര്‍ക്കും തന്‍റെ ചിന്തകള്‍ തെറ്റാണോ, ശരിയാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു എന്ന് വരില്ല. അത് അംഗീകരിക്കാനും തിരിച്ചറിയാനും നാം സ്വയം പ്രാപ്തരാകണം.
ഞാന്‍ ആരായി തീരണം ??
നാം ഓരോരുത്തരും ദീര്‍ഗ്ഗവീക്ഷണം ഉള്ളവരായിരിക്കണം. അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ ആരായി തീരണം, എങ്ങനെയായിരിക്കണം കാണാന്‍, എന്തൊക്കെ സ്വഭാവ ഗുണങ്ങള്‍ നമുക്ക് ഉണ്ടായിരിക്കണം, എന്തായി നാം അറിയപ്പെടണം എന്നിങ്ങനെ ചില ചോദ്യങ്ങള്‍ക്ക് നാം സ്വയം ഉത്തരം കണ്ടെത്തണം. അങ്ങനെ കണ്ടെത്തിയാല്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ നിങ്ങള്‍ക്ക് പരിശ്രമിച്ച് തുടങ്ങാം.
ഒഴിവാക്കുക
നമ്മുടെ ചിന്തകള്‍ തെറ്റായ ദിശയിലേക്കാണോ എന്ന് തിരിച്ചറിയാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഇതാ. നിങ്ങളുടെ ഏതൊരു ചിന്ത ആ ലക്ഷ്യത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നുവോ, ആ സ്വഭാവ ഗുണങ്ങള്‍ക്ക് കോട്ടം തട്ടിക്കുന്നുവോ അത്തരം ചിന്തകള്‍ തെറ്റായ ചിന്തകളുടെ കൂട്ടത്തില്‍ കൂട്ടാം. നാളെ നിങ്ങള്‍ക്ക് തെറ്റായി പോയി എന്ന് തോന്നിക്കാന്‍ ഇടയുള്ള ചിന്തകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം. നിങ്ങളെ തെറ്റായ ഒരു കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ചിന്തകള്‍ ഒഴിവാക്കാം.
അറിവ് നേടുക… പ്രയത്നിക്കുക…
ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ തുടര്‍ച്ചയായി അറിവ് നേടുകയും കഠിന പ്രയതനം ചെയ്യുകയും വേണം. അറിവ് നേടുക, കഠിനമായി പ്രയത്നിക്കുക എന്നിവ അത്ര എളുപ്പമാകില. നിരന്തരമായി അത് ചെയ്യണം എന്ന് വരുമ്പോള്‍ അത് തീരെ എളുപ്പമല്ലാതെ ഒന്നായി മാറുന്നു. ഏതൊരു കാര്യവും ആരംഭിക്കാനും, അതുപോലെ തന്നെ അവസാനിപ്പിക്കാനും എളുപ്പമാണ്. അത് തുടര്‍ന്ന് കൊണ്ടുപോകുക എന്നതാണ് ഏറ്റവും വലിയ പ്രയത്നവും വിജയവും…
ഇങ്ങനെ നമുക്കുള്ളിലെ പ്രശ്നങ്ങളെ നാം മറികടന്നാല്‍ തീരെ മടിയില്ലാതെ, പേടിയില്ലാതെ സമൂഹത്തില്‍ നിന്നും നേരിടുന്ന പ്രശ്നങ്ങളെ നിങ്ങള്‍ക്ക് നേരിടാന്‍ സാധിക്കും.
“നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം”
