ഒരു നുണക്കഥ

nunakkatha

ഉച്ചയൂണും കഴിച്ച് ഞാന്‍ ഉമ്മറത്തെ ചാരുകസേര ലക്ഷ്യമാക്കി നടന്നു…

കാലിന്മേല്‍കാലും കേറ്റിവച്ച് കയ്യിലെ മാമ്പഴം ഈമ്പിക്കൊണ്ട് അങ്ങ് റോഡിലൂടി നടക്കുന്ന ജനാവലിയെ നോക്കി കുറച്ചുനേരം കിടക്കണം…

ആ കൂട്ടത്തില്‍ എന്‍റെ മിനിക്കുട്ടിയും ഉണ്ടാകും…

മിനിക്കുട്ടി…

അവളെന്‍റെ കളിത്തോഴിയാണ്…

എന്‍റെ മുറപ്പെണ്ണാണ്…

കുഞ്ഞമ്മാവന്റെ ഏക മകള്‍…

ബി.എ മലയാളം രണ്ടാം വര്‍ഷം പഠിക്കുകയാണ് അവള്‍…

ഞാനാകട്ടെ പഠിത്തം ഒക്കെ കഴിഞ്ഞ് മുതുമുത്തച്ഛന്മാര്‍ഉണ്ടാക്കിവെച്ച സ്വത്തും നോക്കി കൃഷിയും മറ്റുമായി നടക്കുന്നു…

കൂടാത്തതിന് പട്ടണത്തിലെ ഒരു ടൂട്ടോറിയല്‍കോളേജില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ക്ലാസ്സും എടുക്കുന്നുണ്ട്…

ഉച്ചയ്ക്ക് ഈ സമയത്താണ് അവള്‍ കോളേജില്‍ നിന്നും ഊണ് കഴിക്കാന്‍ വരാറ്…

കോളേജിന്റെ അടുത്താണ് എന്‍റെ ഇല്ലം…

അതുകൊണ്ടുതന്നെ ഉച്ചയൂണ് ഇല്ലതൂന്നാണ്…

അങ്ങ് ദൂരെയുള്ള പടിപ്പുരയും കടന്ന് അവള്‍വരുന്നത് ഞാന്‍നോക്കിനിന്നു…

മിനുങ്ങുന്ന പട്ടുകുപ്പായവും ഇട്ടാണ് ഇന്ന് വരവ്…

കയ്യില്‍ഒരു തൂക്കുപ്പാത്രം ഉണ്ട്…

എന്നത്തെയും പോലെ ഇന്നും ഒരു ചെറു പുഞ്ചിരിതൂകി അവള്‍അകത്തേക്ക്‌പോയി…

ഈമ്പിതീര്‍ന്ന മാങ്ങാകൊരട്ട പറമ്പിലേക്ക്‌വലിച്ചുചാടി…

മുറ്റത്തെ പൈപ്പില്‍കയ്യും മുഖവും കഴുകി…

ഉമ്മറത്തെ ചാരുകസേരയില്‍പോയി മയങ്ങാന്‍ഒരുങ്ങിയപ്പോള്‍അവള്‍വന്നു…

ഊണും കഴിഞ്ഞ് കോളേജിലേക്ക് പോകുകയാണ്…

ഒരു നോട്ടം ഞാന്‍പ്രതീക്ഷിച്ചു…

അതുണ്ടായില്ല…

“എന്താടോ ഇത്ര ഗൌരവം…” – ഞാന്‍ചോദിച്ചു…

“എന്നോട് മിണ്ടണ്ട…”

“എന്താടോ ഇതിപ്പോ പെട്ടന്ന് ഇങ്ങനൊക്കെ…”

“ഇന്നത്തെ പ്രത്യേകത അറിയോ വല്യേട്ടന്…”

ഈശ്വരാ കുടുങ്ങിയില്ലേ…

ഇന്നെന്താണ് ഇത്ര പ്രത്യേകത…

എനിക്ക് ഒന്നും ഓര്‍മ്മയില്ല…

“എനിക്കറിയില്ല…

എന്താ പ്രത്യേകത…

നീ തന്നെ പറ…”

“ഈ പട്ട് പാവാട കണ്ടിട്ടും മനസ്സിലായില്ലേ…?”

പട്ട് പാവാട…!

ഇന്നെനി വിഷു ആണോ…?

അല്ല…

ഇനി ഇവളുടെ പിറന്നാള്‍ ആണോ…?

“പിറന്നാളാ…?”

“ആണോന്നോ…?”

“ആണല്ലേ…

ഹാഫി ഫെര്‍ത്ത്  ഡേ

“എനിക്ക് വേണ്ട…

ഓണക്ക ഫെര്‍ത്ത് ഡേ…”

“പിന്നെന്താ അനക്ക് വേണ്ടേ..?”

“വൈകിട്ട് അങ്ങാടീല് വാ പറയാം…”

“വരുമ്പോ പൈസ വല്ലതും കരുതാണോ…?”

“വല്ലതും പോര…

കനത്തില്‍തന്നെ കരുത്തിക്കോ…”

“നീ എന്നെ മുടിപ്പിക്കും”

“എന്നാ ഏട്ടന്‍ വരണ്ട…”

മുഖവും വീര്‍പ്പിച്ച് അവള്‍ നടക്കാന്‍ ഒരുങ്ങി…

മെല്ലെ ഞാന്‍ അവളുടെ കൈകള്‍ പിടിച്ചു…

“എടാ ഉണ്ണീ…

ഇങ്ങ് വന്നേ…

വാല്യകാര്‍ക്ക് ഊണ് കൊടുക്കണം…”

പറമ്പത്ത് പണിയെടുക്കുന്ന കുഞ്ഞമ്പുവിനും ചിരുതേയിക്കും ഊണ് കൊടുക്കാന്‍ വിളിക്കുന്നത്താണ് ഓപ്പോള്‍…

ഈ ഒപ്പോളിന്റെ ഒരു കാര്യം…

സ്വസ്ഥമായി ഒന്ന് മിണ്ടാനും സമ്മതിക്കില്ല…

“ആട വേറാരും ഇല്ലേ ഈനോന്നും…”

“നീ ഇങ്ങ് വന്നേ…

ഇല്ലേല്‍ ഞാന്‍ അങ്ങ് വരും…”

“ദേ ഓപ്പോള് വരുന്നു ഞാന്‍ പോട്ടെ…

വൈകുന്നേരം കാണ…”
ചിരിച്ചുകൊണ്ട്  മിനിക്കുട്ടി നടന്നു നീങ്ങി…

ഞാന്‍ പിന്നാമ്പുറത്തേക്ക് പോയി…

അടുക്കളഭാഗത്ത്‌ ഓപ്പോള് വാല്യക്കാരേം കാത്ത് നിക്കുകയാണ്…

“എന്നിക്ക് വയ്യ വിളമ്പിക്കൊടുക്കാന്‍…

ഓപ്പോള്‍തന്നെ കൊടുത്താല്‍മതി…”

“ഞാന് വിളമ്പിക്കൊടുത്തോളാം…

നീ പോയി അവരെ ഒന്ന് വിളിച്ചു കൊണ്ട് വാ…”

ഞാന്‍ പറമ്പത്തേക്ക് നടന്നു…

പറമ്പിന്റെ പടിഞ്ഞാറെ മൂലയില്‍ ചേന നടുകയായിരുന്ന വാല്യക്കാരേം കൂട്ടി ഞാന്‍ ഇല്ലത്തേക്ക് നടന്നു…

അടുക്കളഭാഗത്ത്‌ ഇരിക്കാന്‍ പറഞ്ഞ് ഞാന്‍ മുറിയിലേക്ക്‌ നടന്നു…

നേരെ പോയി കട്ടിലിന്മേല്‍വീണു…

ഉച്ചമയക്കം പതിവാണ്…

“ഉണ്ണ്യേ ഉറങ്ങും മുമ്പ് ഗുളിക കഴിക്കാന്‍മറക്കണ്ട…”

ഓപ്പോള്‍ അടുക്കളഭാഗത്തൂന്ന് ഉറക്കെ വിളിച്ചു പറഞ്ഞു…

ഇത് സ്ഥിരം പതിവാണ്…

എന്നും മറക്കും ഗുളിക കഴിക്കാന്‍…

ഓപ്പോള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യും…

പാവം ഓപ്പോള്‍ എന്നെ വല്ല്യ ഇഷ്ടാണ്…

പക്ഷെ ഞാന്‍ എപ്പോഴും ഒപ്പോളിനോപ്പം അടികൂടും…

അതെനിക്കൊരു രസമാണ്…

ഇടയ്ക്ക് ഒപ്പോളിനു വിഷമം ആകും…

കരയും… പിണങ്ങും…

അപ്പൊ എനിക്കും സങ്കടം ആകും…

ഒരിക്കല്‍ ഇതുപോലെ പിണങ്ങീട്ട് ഒരുപാട് പാടുപ്പെട്ടു ആ പിണക്കം തീര്‍ക്കാന്‍…

ഗുളിക എടുക്കാന്‍നോക്കിയപ്പോഴാണ് മേശപ്പുറത്ത് ഒരു തൂക്ക് കണ്ടത്…

മിനിക്കുട്ടി കൊണ്ടുവന്ന അതേ തൂക്ക്…

അതിന് ചുവട്ടില്‍ ഒരു കത്തും…

“ഇന്നെന്‍റെ പിറന്നാള്‍ ആണ്…

വല്യേട്ടന്‍ മറന്നു അല്ലേ…

ഇന്ന് വൈകുന്നേരം അങ്ങാടി വരെ വരണം…

ഒരു കൂട്ടം പറയാന്‍ ഉണ്ട്…

തൂക്കില്‍ പായസം ഉണ്ട്…

അത് കുടിക്കണം…

കോളേജ് കഴിഞ്ഞ് ഞാന്‍ കാത്ത്‌ നില്‍ക്കും…

പിന്നെ…

വരുമ്പോള്‍ തൂക്ക് എടുക്കാന്‍ മറക്കണ്ട…”

കത്ത്‌വായിച്ചതിന് ശേഷം അലമാരയ്ക്കകത്ത് വെച്ചു…

കുട്ടികാലം മുതലേ ഞങ്ങള്‍ക്ക് പരസ്പ്പരം അറിയാം…

ഞങ്ങള്‍ക്ക് പരസ്പ്പരം ഇഷ്ട്ടമാണ്…

അത് ഞാന്‍ അവളോടും അവള്‍ തിരിച്ചും പറഞ്ഞിട്ടില്ല…

പറയേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല…

എന്തായിരിക്കും അവള്‍ക്ക് പറയാന്‍ ഉണ്ടാവുക…

അതും ആലോചിച്ച്‌ ഞാന്‍ പായസം കുടിച്ചു…

ഗുളികയും കഴിച്ച് കട്ടിലിലേക്ക് ചാഞ്ഞു…

“ഓപ്പോളേ എന്നെ മൂന്നിന് വിളിക്കണേ…

ഒരേടം വരെ പോകാനുണ്ട്…”

ഓപ്പോള്‍ ഉറക്കെ മൂളി…

കുഞ്ഞിലെ അമ്മ മരിച്ചു…

പിന്നെ എനിക്ക് സ്വന്തം അമ്മ ആയിരുന്നു ഓപ്പോള്‍…

അച്ഛന് കുറച്ച് അകലെയുള്ള വിഷ്ണു ക്ഷേത്രത്തില്‍ശാന്തിയാണ്…

മാസത്തില്‍ രണ്ടോ മൂന്നോ തവണ വരും…

ഇല്ലത്ത് ഞാനും ഓപ്പോളും ഒറ്റയ്ക്ക്…

എന്നെ ഓര്‍ത്ത്‌ മാത്രാണ് ഓപ്പോള്‍ വേളി കഴിക്കാത്തത്…

മാത്രല്ല ജാതകത്തില്‍ ചൊവ്വ ഉണ്ടത്രേ…

ഓപ്പോള്‍ വേളി കഴിഞ്ഞ് പോകുന്നത് ഓര്‍ക്കുമ്പോള്‍ സങ്കടാകും…

അതൊക്കെ ഓര്‍ത്ത് എപ്പഴോ ഞാന്‍ മയങ്ങിപ്പോയി…
മൂന്നിന് കൃത്യം ഓപ്പോള്‍ വിളിച്ചു…

ഞാന്‍ ഒരു കുളിയും പാസ്സാക്കി ഇല്ലത്തൂന്ന് ഇറങ്ങി…

“ഇന്നെങ്കിലും വല്ലതും നടക്കുമോ ഉണ്ണ്യേ…”

മുറ്റത്തേക്ക് ഇറങ്ങിയ എന്നോട് ഓപ്പോള്‍ ചോദിച്ചു…

“ഓപ്പോളേ…

ആ കത്ത് വായിച്ചൂല്ലേ…”

“ഏതു കത്ത്…”

“ഒന്നുല്ല…”

“തൂക്ക് എടുക്കുന്നില്ലേ…?”

തൂക്ക് പാത്രം എനിക്ക് നേരെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഓപ്പോള്‍ ചോദിച്ചു….

“ഞാന്‍ വന്നിട്ട് തരാം…

ഇപ്പോള്‍ തീരെ സമയം ഇല്ല…”

തൂക്കും വാങ്ങി ഞാന്‍ നടന്നു…

“എന്താ തരാന്‍ പോണേ…

വല്ല സാരിയോ മറ്റോ ആണെങ്കില്‍ ചുവപ്പ് നിറം മതി…”

ഞാന്‍ മുക്കിലേക്ക് നടന്നു…

ഈ അങ്ങാടി എന്ന് നമ്മള്‍ പറയുന്നതും മുക്കിനെ ആണ്…

ഇല്ലതൂന്ന്‍ അഞ്ച് മിനിറ്റ് നടക്കണം…

കോളേജ് വിടും മുമ്പ് ഞാന്‍ അവിടെ എത്തി…

നാലാം ക്ലാസ്സ് വരെ എന്‍റെ കൂടെ പഠിച്ച ജയന്‍റെ മുറുക്കാന്‍ കടയില്‍ പോയി ഭേഷായി ഒന്ന് മുറുക്കി…

അവന്‍ നാലാം ക്ലാസ്സ്‌വരെ പഠിച്ചിട്ടുള്ളൂ…

അവന്‍റെ അച്ഛന്‍ ഞങ്ങടെ പണിക്കാരന്‍ ആരുന്നു…

മഞ്ഞപ്പിത്തം വന്ന് അവന്‍റെ അച്ഛന്‍ മരിച്ചപ്പോള്‍ ആണ് അവന്‍ പഠനം അവസാനിപ്പിച്ചത്…

ഞാന്‍ പഠിക്കാന്‍ അവനെ കുറെ നിര്‍ബന്ധിച്ചു…

അവന് തീരെ താല്‍പര്യം ഇല്ലായിരുന്നു…

ഞങ്ങള്‍ സംസാരിച്ച് നില്‍ക്കെ അവള്‍ വന്നു…

എന്നേം കൂട്ടി കണാരേട്ടന്റെ പീടികയിലേക്ക് നടന്നു…

“കണാരേട്ടാ ഒരു ജൂസ്”

കണാരേട്ടനോട് അവള്‍ ആജ്ഞാപിച്ചു…

“അപ്പൊ നിനക്ക് വേണ്ടേ…

പിറന്നാളിന്റെ ചിലവാരിക്കും അല്ലേ..?”

“ജൂസ് എനിക്കാ…

ഇതിന്‍റെ പൈസ ഏട്ടന്‍തന്നെ കൊടുക്കണം…”

“ഇല്ലത്ത് പണം കായ്ക്കുന്ന മരൊന്നും ഇല്ല…”

“പറമ്പത്തൂന്ന്‍ കിട്ടുന്ന തെങ്ങേം, അണ്ടിം, അടക്കേം ഒക്കെ ഇല്ലെ…

പോരാത്തതിന് ടൂഷന്‍ എടുക്കുന്ന കാശും…

ഇതുപോരെ…”

“തെങ്ങേം മാങ്ങേം അടക്കയും ഒക്കെ നിനക്കും ഉണ്ടല്ലോ…?”

“ഉണ്ട്…

പക്ഷെ പൈസ മുഴുവന്‍ അച്ഛന്‍റെ കയ്യില്‍ അല്ലെ…?”

“നിന്നോട് അടികൂടാന്‍ ഞാന്‍ ഇല്ല…”

“അങ്ങനെ വഴിക്ക്‌വാ…”

“എന്താ പറയാന്‍ ഉണ്ടെന്ന് പറഞ്ഞെ…?”

“അതിപ്പം എങ്ങനാ പറയുക…”

“നീ പറയുന്നെങ്കില്‍ പറ…”

മേശപുരത്ത് കൊണ്ടുവെച്ച ജൂസും കുടിച്ചുകൊണ്ട് അവള്‍പറഞ്ഞു…

“വല്യെട്ടാ…

എനിക്കോരാളെ ഇഷ്ട്ടാ…

ശരിക്കും ഇഷ്ട്ടാ…”

“ആരെ…?”

എന്‍റെ പേര് ഇപ്പോള്‍പറയും…

അത് കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ ചോദിച്ചതും…

“കേശു…

എന്‍റെ ക്ലാസ്സ്മേറ്റ് ആണ്…”

ഒരു ഉളുപ്പും ഇല്ലാണ്ട് ജൂസും കുടിച്ചുകൊണ്ട് അവള്‍ പറഞ്ഞു…
ഞാന്‍ ആകെ തകര്‍ന്നു പോയി…

എന്റെ ഹൃദയം അനേകം കഷ്ണങ്ങള്‍ ആയി ചിന്നിച്ചിതറി…

അതവള്‍ കണ്ടില്ല…

ഒന്നും അറിയാത്ത പോട്ടത്തിയെപ്പോലെ അവള്‍ ചിരിക്കുകയാണ്…

അവള്‍ പളപളാന്നു എന്തൊക്കെയോ പറയുന്നുണ്ട്…

ഞാന്‍ ഒന്നും കേട്ടില്ല…

ഇത്രനാള്‍ ഞാന്‍ സ്നേഹിച്ച മിനിക്കുട്ടിയാണോ ഇത്…?

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല…

ഇവള്‍ക്ക് വേണ്ടി ഞാന്‍ ഒപ്പോലിനെ ഒരുപാട് കരയിച്ചിട്ടുണ്ട്…

അന്നേ ഓപ്പോള്‍ പറഞ്ഞതാ…

പണ്ടെപ്പഴോ അവള്‍ കുടിച്ച പായസത്തിന്‍റെ ബാക്കി എന്നെക്കൊണ്ട് കുടിപ്പിച്ചിട്ടുണ്ട്… ഒരു പൊട്ടനെ പോലെ ഇളിച്ചുകൊണ്ട്  അതും വാങ്ങി കുടിച്ചു ഞാന്‍…

അന്നൊക്കെ എന്നെ ഇഷ്ട്ടമാണെന്ന് ഞാന്‍ കരുതി…

തിളങ്ങുന്ന പട്ടുപാവടകള്‍ ഇടുന്നത് എന്നെ കാണിക്കാന്‍ ആണെന്ന് ഞാന്‍ വിചാരിച്ചു…

പണ്ട് +2 ജയിച്ചപ്പോള്‍ നീ എനിക്ക് തന്ന സമ്മാനം പൊട്ടിച്ചതിന് ഞാന്‍ ഒപ്പോളെ തല്ലി…

ഒന്നും വേണ്ടിയിരുന്നില്ല…

ഇടറുന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു…

“നിനക്കെന്നെ ഇഷ്ട്ടമാണെന്നാ ഞാന്‍കരുതിയെ…”

എന്‍റെകണ്ണുകള്‍ നിറഞ്ഞിരുന്നു…

“ഏട്ടനെ എനിക്ക് ഇഷ്ട്ടമാണല്ലോ…

അതുകൊണ്ടല്ലേ ഇത് ആദ്യം എട്ടനോട് പറഞ്ഞെ…

ഏട്ടന്‍ഇത് അച്ഛനോട് പറയണം…”

“നീ തന്നെ അങ്ങ് പറഞ്ഞാമതി…”

“ഞാന്‍പറഞ്ഞാ ശരിയാവൂല…

മാത്രല്ല…

അവന്‍നമ്പൂരി അല്ല…”

“നമ്പൂരി അല്ലേ…

ഇത് നടക്കൂല…”

എനിക്ക് ദേഷ്യം വന്നു…

ചെകിടത്ത് ഒന്ന് പൊട്ടിക്കാന്‍ആണ് തോന്ന്യത്…

“കമ്മ്യൂണിസം പ്രചരിക്കുന്ന ഈ കാലത്ത് എന്ത് ജാത്യാ ഏട്ടാ…

ഏട്ടന്‍ഒരുമാതിരി ഭൂര്‍ഷ്വയെപോലെ പെരുമാറല്ലേ…”

ഭൂര്‍ഷ്വ നിന്‍റെ അച്ഛന്‍ വല്യേടത്ത് നാരായണന്‍ നമ്പൂരി…

അങ്ങനെ പറയാന്‍ ആണ് എനിക്ക് തോന്നിയത്…

“ഞങ്ങളെക്കാള്‍ പണവും സ്വത്തും ഉള്ള പ്രമാണികള്‍ അല്ലെ നിന്‍റെ പാര്‍ട്ടിയുടെ കൊമ്പത്ത് ഇരിക്കുന്നത്…

അതൊന്നും നിങ്ങള്‍ കാണില്ല…

സ്വന്തം പറമ്പിലെ തേങ്ങയും അടക്കയും വിറ്റും, ശാന്തിക്ക് പോയും കുടുംബം നോക്കുന്ന ഞങ്ങള്‍ ഭൂര്‍ഷ്വകള്‍…

അത് നല്ല കാര്യം…”

“ഞാന്‍ ഒന്നും പറഞ്ഞില്ലേ…

കമ്മ്യൂണിസം വിട്…

ഗുരുദേവന്‍ എന്താ പറഞ്ഞത്…

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്  എന്നല്ലേ…”

“ഇതൊക്കെ പറഞ്ഞ ഗുരുദേവന്‍ തന്നെയാണ് കീഴ്ജാതികാര്‍ക്ക് വേണ്ടി ശിവന്‍റെ അമ്പലം പണിതതും…

മതത്തെയും ജാതിയും എതിര്‍ത്ത് പറഞ്ഞാല്‍ മാത്രം പോര…

ജീവിതത്തില്‍ അത് കാണിച്ചും കൊടുക്കണം…”

അവളുടെ മുഖം വാടി…

“അപ്പോള്‍ എന്നോട് ഏട്ടന് ഒരു സ്നേഹോം ഇല്ലേ…?”

എനിക്ക് കലി വന്നു…

കയ്യില്‍ ഉണ്ടായിരുന്ന തൂക്കും അവിടിട്ട് കണ്ണുകള്‍ തുടച്ച് ഞാന്‍ നടന്നു…

“ഏട്ടാ…

ജുസിന്റെ പൈസ കൊടുത്തിട്ട് പോ…

എന്റെ കയ്യില്‍ ഒന്നും ഇല്ല…”

അവള്‍ പിറകില്‍ നിന്നും ഉറക്കെ പറഞ്ഞു…

“ഇല്ലെങ്കില്‍ കണാരേട്ടന്‍ തരുന്ന ജോലി ചെയ്തേച്ചും പോയാല്‍ മതി…”

ഒരു നല്ല പണി കൊടുത്ത സന്തോഷം…

അത് പറഞ്ഞ് അറിയിക്കാന്‍ പറ്റുന്നത്തല്ല…

അപ്പുറത്തെ തുണിക്കടയില്‍ നിന്നും ഒപ്പോളിന് ഒരു ചുവന്ന സാരിയും വാങ്ങി ആ ചെറു ഇടവഴിയിലൂടി ഞാന്‍ ഇല്ലത്തേക്ക് നടന്നു…

ഇനി ഉള്ള നാള്‍ ഞാനും ഓപ്പോളും മാത്രം…

ഞങ്ങള്‍ക്കിടയില്‍ ഇനി മതിലുകള്‍ ഇല്ല…

ഇനി എന്‍റെ ഒപ്പോളിനെ ഞാന്‍ കരയിക്കില്ല…

ആ സാരിയും മാറോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ വിദൂരതയിലേക്ക് നടന്നകന്നു…

ശുഭം

2 Comments Add yours

    1. പിന്തുണയ്ക്ക് നന്ദി…

      Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s