ഹോസ്റ്റല്‍ ഭക്ഷണം ഉളവാക്കുന്ന മടുപ്പ് ഇല്ലത്തെത്തുമ്പോള്‍ ആണ് മാറുന്നത്. ഹോസ്റ്റലിലെ വൃത്തികെട്ട ഭക്ഷണം കഴിച്ചു മടുത്തു…
ഓരോ വെള്ളിയാഴ്ച്ചയും ഹോസ്റ്റലില്‍ നിന്നും ഇല്ലത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോഴും ഉള്ളില്‍ എന്തെന്നില്ലാത്ത സന്തോഷമാണ്. പോകുന്ന വഴി നീളെ ഒപ്പോളിന്റെ കൈകൊണ്ടുണ്ടാക്കുന്ന ചൂട് കാരേപ്പത്തിന്റെ രുചിയാണ്…
മഴയുടെ താളം, തുളസിക്കതിരിന്റെ മണം, അരച്ച ചന്ദനത്തിന്റെ ഈര്‍പ്പം…
ഇങ്ങനെ ഒട്ടനവധി ഇഷ്ട്ടങ്ങള്‍ എനിക്കുണ്ട്…
അതില്‍ ഏറ്റവും പ്രിയം ഒപ്പോളിന്റെ കാരേപ്പത്തിന്റെ രുചിതന്നെ…
ഇല്ലത്തേക്ക് ഇവിടുന്ന് മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്. ‘മിസ്സി’നോട് അനുവാദം ചോദിച്ച് ഞാന്‍ നേരത്തേ ഇറങ്ങി. ബസ്റ്റോപ്പ് വരെ തുണിയടങ്ങിയ ബാഗുമായി ഞാന്‍ നടന്നു…
അരമണിക്കൂറോളം കാത്ത് നിന്നിട്ടാണ് ബസ്സ് കിട്ടിയത്…
കയറിയ ഉടന്‍ കിട്ടിയ സീറ്റില്‍ സ്ഥാനം ഉറപ്പിച്ചു. ഏറ്റവും പുറകിലത്തെ സീറ്റ്…
ഹോ…
എന്തൊരു നാറ്റം…
അടുത്ത് ഇരിക്കുന്നയാള്‍ മുഴുപ്പൂസ്സാണ്… എന്തിനാണാവോ ഇങ്ങനെ കുടിക്കുന്നത്…?
ദേഷ്യമാണ് എനിക്ക് തോന്നിയത്…
ഉറങ്ങി ഉറങ്ങി എന്‍റെ പുറത്തേക്ക് വീഴുകയാണ് അയാള്‍…
പലതവണ ഞാന്‍ തല പിടിച്ച് മാറ്റിവെച്ചു. രക്ഷയില്ല… ഉള്ളില്‍ കിടക്കുന്നവന്‍റെ ലഹരികാരണം എന്‍റെ ചുമല് ഒരു തലയണയായി അയാള്‍ക്ക് തോന്നിയിട്ടുണ്ടാവണം…
പലതവണയായി ആ തല എന്‍റെ ചുമലില്‍ വന്ന് വീഴുന്നു…
വേദനിക്കാന്‍ തുടങ്ങി… സഹിക്കുന്നതിന് ഒരു അളവില്ലേ…?
“ഈ തല നിങ്ങക്ക് വേണ്ടതന്നല്ലേ…?
വേണച്ചാ അങ്ങട് മാറ്റി വെച്ചോട്ട…”
ക്ഷമ നശിച്ചപ്പോള്‍ ഞാന്‍ പ്രതികരിച്ചു…
ഭലം ഉണ്ടായി… തല എന്‍റെ തോളില്‍ നിന്നും മാറ്റിവെച്ചു… ചെറിയ കുട്ടികളെപ്പോലെ എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞുകൊണ്ട് അയാള്‍ വീണ്ടും ഉറക്കമായി…
എനിക്കാശ്വാസമായി… തലയുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടില്ലേ…
“എന്ത് നാറ്റാ…
ഫിറ്റാന്നാ തോന്നുന്നേ…”
എന്‍റെ മറുവശത്തിരുന്ന അപരിചിതന്‍ പറഞ്ഞു. ഞാന്‍ മാത്രമല്ല ആ നാറ്റം കൊണ്ട് സഹികെട്ടത്. ഞാന്‍ ഒന്നും പറയാന്‍ പോയില്ല. കുറച്ച് കഴിയുമ്പോള്‍ ഇതേയാളും കള്ളുകുടിച്ച് നടക്കുന്നത് ചിലപ്പോള്‍ കണ്ടെന്നിരിക്കും. മറ്റുള്ളവരെ കുറ്റം പറയാന്‍ ഒരു പ്രത്യേക സാമര്‍ത്ഥ്യം സിദ്ധിച്ചവരാണ് മലയാളികള്‍…
എന്‍റെ തോളില്‍ നിന്നും മാറ്യതുമുതല്‍ അയാളുടെ തലയ്ക്ക് അതിന്‍റെ സ്ഥിരത നഷ്ട്ടപ്പെട്ടു…
മദ്യത്തിന്‍റെ ആലസ്യത്തില്‍ അയാളുടെ തല ആടാന്‍ തുടങ്ങി… മുന്നില്ലെ കമ്പിയില്‍ ഇടിക്കാന്‍ പലതവണ അയാളുടെ തല ആഞ്ഞുചെന്നു… മുട്ടുന്നതിന് തൊട്ടരികില്‍ വെച്ച് അയാള്‍ ഞെട്ടിയെഴുന്നേക്കും…
ഇത് പലതവണയായി ആവര്‍ത്തിച്ചു…
‘ഇന്ന് ഇയാളുടെ തല മുട്ടിയത് തന്നെ…’
ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു…
അങ്ങോട്ട് നോക്കാന്‍ എനിക്ക് പേടിയായി തുടങ്ങി…
ഞാന്‍ മുഖം തിരിച്ച് വേറെ കാര്യങ്ങള്‍ ആലോചിക്കാന്‍ തുടങ്ങി…
“ടേ”
ശബ്ദം കേട്ട് ഞാന്‍ നോക്കി…
തല ശക്തമായി കമ്പിയില്‍ മുട്ടിയിരിക്കുന്നു…
“നല്ലോണം തടക് ചേട്ടാ…”
ഞാന്‍ പറഞ്ഞു…
തല മുറുക്കെ പിടിച്ച് മുന്നിലെ കമ്പിയില്‍ തല ചാച്ച് കിടക്കുകയാണ് അയാള്‍…
“നോക്കിയൊക്കെ നിക്കണ്ടേ…
കള്ളും കുടിച്ച് ഓരോ ശല്യം…”
കണ്ടക്ടര്‍ അലമുറയിട്ടു…
“വെള്ളം വേണാ…?”
ഞാന്‍ ചോദിച്ചു…
അയാള്‍ക്ക് അനക്കമില്ല…
“മിണ്ടാന്‍ നിക്കണ്ട… ഫുള്‍ വെള്ളത്തിലാ…”
മറുവശത്തിരുന്ന അപരിചിതന്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു…
“നല്ലോണം തടക്…
അല്ലെങ്കില്‍ മുഴച്ചുവരും…”
അപരിചിതന്‍റെ മുന്നറിയിപ്പ് വകവെക്കാതെ അയാളുടെ തല ഞാന്‍ പതുക്കെ പൊക്കി…
ചോര…
തല പൊട്ടിയിരിക്കുന്നു…
“തല പോട്ടിട്ടുണ്ടല്ലോ ചേട്ടാ…
കുപ്പായത്തിലും ആയി…”
“എവിടാ പൊട്ടിയത്…?”
പതിഞ്ഞ സ്വരത്തില്‍ അയാള്‍ ചോദിച്ചു…
കള്ളിന്‍റെ ആലസ്യത്തില്‍ മുറിഞ്ഞ സ്ഥലം തിരിച്ചറിയാനുള്ള കഴിവ് വരെ അയാള്‍ക്ക് നഷ്ട്ടപ്പെട്ടിരുന്നു…
ഞാന്‍ മുറിഞ്ഞ സ്ഥലം തൊട്ട് കാണിച്ചു…
അയാള്‍ വീണ്ടും പിച്ചുംപേയും പറഞ്ഞു…
അയാളുടെ കളികണ്ട് അടുത്തുള്ളവര്‍ ചിരിക്കുന്നുണ്ടായിരുന്നു…
എനിക്ക് ചിരിക്കാന്‍ തോന്നിയില്ല…
അടുത്ത സ്റ്റോപ്പില്‍ അയാള്‍ ഇറങ്ങി..
തലയും തിരുമ്മികൊണ്ട് അയാള്‍ നടന്നു…
“ഇതിനോടൊന്നും മിണ്ടാന്‍ തന്നെ പാടില്ല…”
അപരിചിതന്‍ വീണ്ടും പറഞ്ഞുതുടങ്ങി…
ശരിയാണ്…
ആദ്യം എന്നില്‍ ഉണ്ടായിരുന്ന ദേഷ്യം പിന്നീട് എങ്ങോട്ട് പോയി…?
ഞാന്‍ എന്തിനാണ് അയാളെ സഹായിക്കാന്‍ ഒരുങ്ങിയത്…?
ഒട്ടനവധി ചോദ്യങ്ങള്‍ എന്നില്‍ ഉദിച്ചു…
അതിനുള്ള ഉത്തരം ഞാന്‍ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു…
എന്‍റെ ഉള്ളില്‍ എങ്ങോ മനിഷത്വം ഒളിഞ്ഞിരിക്കുന്നത് കൊണ്ടാവാം…
അയാളും മനുഷ്യനാണ്… ആര്‍ക്കും എപ്പോഴും ഈ അവസ്ഥ വന്നുക്കൂടായ്കയില്ല…
പക്ഷെ, എന്നിലെ മനിഷത്വത്തിലുപരി കുറ്റബോധം ആയിരിക്കാം അയാളെ സഹായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്…
മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയാന്‍ ഞാന്‍ ശ്രമിച്ചില്ല എന്ന കുറ്റബോധം…
ചില നിമിഷങ്ങളില്‍ മനുഷ്യര്‍ നിഷ്ക്രിയരാണ്. പക്ഷെ, ഇവിടെ അങ്ങനെ ആയിരുന്നില്ല…
“എറിയാന്‍ അറിയുന്നവന് ദൈവം വടി കൊടുക്കില്ല’ എന്ന് പറയുംപോലെ…
എനിക്ക് എറിയാന്‍ അറിയില്ല എന്ന് തിരിച്ചറിഞ്ഞായിരിക്കണം ദൈവം ആ വടി തന്നത്…
അങ്ങനെ ആശ്വസിക്കാന്‍ ശ്രമിച്ചെങ്കിലും അന്ന് ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞില്ല…
ശുഭം